ഷവര്‍മ്മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം

നാമക്കല്‍: തമിഴ്‌നാട് നാമക്കലില്‍ ഷവര്‍മ കഴിച്ച പതിനാലുകാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയില്‍ ഷവര്‍മയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. 16/09/23 ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. തന്തൂര്‍ വിഭവങ്ങള്‍ക്കും ഷവര്‍മ്മയ്ക്കുമാണ് താല്‍ക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എഎസ് പേട്ടയിലെ വീട്ടിലെത്തിയതിനു പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ തുടങ്ങി. പനിയും തളര്‍ച്ചയും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണശാലയില്‍ നിന്ന് 200ഓളം പേരാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.

നാമക്കല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ 11 പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ചികിത്സ തേടിയവരില്‍ അഞ്ച് കുട്ടികളും ഗര്‍ഭിണിയുമുണ്ട്. ഭക്ഷണശാലയിലെ പരിശോധനയില്‍ സാംപിളുകള്‍ ശേഖരിച്ചശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളഞ്ഞതായി കളക്ടര്‍ വിശദമാക്കി. ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →