ബുഡാപെസ്റ്റ്: വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി ഫൈനലിലേക്കു യോഗ്യതനേടി. ഹീറ്റ്സില്‍ പേഴ്സണല്‍ ബെസ്റ്റ് പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പാറുള്‍ ഫൈനല്‍ ബെര്‍ത്ത് നേടിയത്. 35 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ റാംബാബു 29-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്പെയിനിന്റെ ആല്‍വാരോ മാര്‍ട്ടിനാണ് ഈയിനത്തില്‍ സ്വര്‍ണമണിഞ്ഞത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഹഡില്‍സില്‍ ലോക റെക്കോഡ് ഉടമയും ഒളിമ്പിക് ചാമ്പ്യനുമായ നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം ജേതാവായി. 46.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തന്റെ മൂന്നാം ലോകകിരീടമുയര്‍ത്തിയത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിന്റെ കൈറോണ്‍ മക്മാസ്റ്ററിനാണ് വെള്ളി. യു.എസിന്റെ ഹായ് ബെഞ്ചമിന്‍ വെങ്കലം നേടി. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ യു.എസ്. താരം കാറ്റി മൂണും ആസ്ട്രേലിയയുടെ നിന കെന്നഡിയും സ്വര്‍ണം പങ്കുവച്ചു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇനത്തില്‍ രണ്ട് ലോക ചാമ്പ്യന്മാര് ഉണ്ടാവുന്നത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഉയരമായ 4.85 മീറ്റര്‍ അനായാസം ആദ്യശ്രമത്തില്‍ മറികടന്ന ഇരു താരങ്ങളും അവസാനത്തെയും മൂന്നാമത്തെയും ശ്രമത്തില്‍ 4.90 മീറ്റര്‍ ഫൈനലില്‍ മറികടക്കുകയായിരുന്നു. തുടര്‍ന്ന് 4.95 മീറ്റര്‍ മറികടക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടതോടെ ഇരുവരും സ്വര്‍ണം പങ്കുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ കെന്നഡി സ്വര്‍ണം നേടി സ്വപ്നം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം തവണയാണ് കാറ്റി ലോക ചാമ്പ്യനാവുന്നത്. 4.80 മീറ്റര്‍ ചാടിയ ഫിന്‍ലന്റ് താരം വില്‍മ മെര്റ്റോ ആണ് വെങ്കലം നേടിയത്.