വയനാട്: പ്രാക്തന ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്കര്‌ക്ക് തേൻ ശേഖരണത്തിന് സുരക്ഷാ സംവിധാമം ഒരുക്കി കേരള ഫയർ ആൻഡ് റെസ്ക്യൂ മാനന്തവാടി സ്റ്റേഷനിലെ വിദഗ്ധരായ ഉദ്യോഗസ്ഥർ.പദ്ധതിയുടെ നിർവഹണം കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിനാണ്. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര സങ്കേതങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ടവർക്കായി ബേഗൂരിൽ വെച്ച് നടത്തിയ പ്രായോഗിക സുരക്ഷാ പരിശീലനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ വിദഗ്ധരായ ഉദ്യോഗസ്ഥർ പ്രായോഗിക പരിശീലനവും ക്ലാസുകളും നയിച്ചു. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ വളരെ സൂക്ഷ്മമായ സംരക്ഷണ സംവിധാനങ്ങൾ പോലും ഈ പരിശീലനത്തിൻറെ ഭാഗമായി മാറി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഇതൊരു പുത്തനനുഭവമായി.
പ്രാക്തന ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്കരുടെ പരമ്പരാഗത തൊഴിലാണ് വനങ്ങളിൽ നിന്നുള്ള തേൻ ശേഖരണം. എല്ലാ വർഷവും തേൻ ശേഖരണ സീസണിൽ ഇവർ കൂട്ടമായി വനങ്ങളിൽ പോവുകയും വൻ മരങ്ങളിൽ നിന്നും പാറക്കെട്ടുകളുടെയിടയിൽ നിന്നുമെല്ലാം വിവിധയിനം തേൻ ശേഖരിക്കുകയും ചെയ്യുന്നത് ഇവരുടെ ജീവിതത്തിൻറെ ഭാഗവും ഇവരുടെ ജീവനോപാധിയുമാണ്. തേൻ ശേഖരണത്തിലും വൻമരങ്ങളിൽ കയറിയുള്ള തേൻ ശേഖരണത്തിലും എല്ലാം വിദഗ്ധരാണ് ഇവർ.
എന്നാൽ, കാലാനുസൃതമായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കേണ്ടതിൻറെയും അവ ഏർപ്പെടുത്തേണ്ടതിൻറെയും, അതുപോലെ തന്നെ തേൻ വിപണന ശൃംഖലയുടെ ഒരറ്റത്ത് തേൻ ശേഖരണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി കഴിയാതെ തേൻ സംസ്കരണത്തിലും വിപണനത്തിലും ഇവരെ പങ്കാളികളാക്കി, ഈ പരമ്പരാഗത തൊഴിലിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്.

