ന്യൂഡൽഹി: പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു നൽകിയ പൊതു താത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ജനശ്രദ്ധ ലക്ഷ്യമിട്ടു കൊണ്ടാണ് ഇത്തരമൊരു ഹർജി നൽകിയതെന്ന് കണ്ടെത്തിയാണ് ബെഞ്ച് ഹർജി നിരസിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ, എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.
രോഹിത് ഖേരിവാളാണ് ഹർജി നൽകിയത്. ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചതോടെ പരാതിക്കാരൻ ഹർജി പിൻവലിച്ചു. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്നുള്ള സഖ്യത്തിനാണ് ഇന്ത്യ എന്നു പേരു നൽകിയിരിക്കുന്നത്.
അതേ സമയം ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഗിരീഷ് ഭരദ്വാജ് സമർപ്പിച്ച പൊതു താത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി പ്രതിപക്ഷ പാർട്ടികൾക്കും തെരഞ്ഞെടുപ്പു കമ്മിഷനും നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

