തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ജാതി അധിക്ഷേപവും പീഡനവും

ഏഴുപേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥി കടുത്ത ജാതി അധിക്ഷേപവും പീഡനവും നേരിട്ട സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍.
ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സ്‌കൂളില്‍ ഉണ്ടായ വധശ്രമത്തെ തുടര്‍ന്ന് അമ്മയാണു ജാതി അധിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്നലെയാണ് തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ വെട്ടിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ അറസ്റ്റിലായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുടെ ഒരു സഹപാഠിയും അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റ്റിലായവരില്‍ നാലു പേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.
ടീച്ചര്‍ ക്ലാസെടുക്കുന്നതിനിടെ കുട്ടിയെ വിസില്‍ അടിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. സഹപാഠികള്‍ക്ക് സ്ഥിരമായി വെള്ളം എടുത്തുകൊടുക്കേണ്ടിവന്നു. പ്രബല ജാതിയിലെ കുട്ടികള്‍ കുട്ടിയില നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. ഇഡലിയും സിഗററ്റും വാങ്ങി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നിങ്ങനെ വിവിധ തരത്തിലായിരുന്നു ജാതിപീഡനം. ഇനി കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കില്ലെന്നും അമ്മ വ്യക്തമാക്കി.
തിരുനെല്‍വേലി വള്ളിയൂരിലെ സ്‌കൂളില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിയെ പ്രബല ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു.
ഉപദ്രവം പതിവായതോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നല്‍കി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടില്‍ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ ഈ വിദ്യാര്‍ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പ്രതികളില്‍ രണ്ടുപേര്‍ പഠനം ഇടയ്ക്കു നിര്‍ത്തിയവരാണ്. എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിയാണു കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →