തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്.

ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ‍ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →