മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും പരിസരങ്ങളിലും യുക്രെയ്ന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. യുദ്ധത്തില്‍ പരിഭ്രാന്തരായാണ് യുക്രെയ്ന്‍ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്ന് റഷ്യന്‍ സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു. യുദ്ധം പതിയെ റഷ്യന്‍ പ്രദേശങ്ങളിലേക്കു നീങ്ങുകയാണെന്ന് കഴിഞ്ഞദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യുക്രെയ്ന്‍ തയാറായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മോസ്‌കോക്ക് പുറത്ത് രണ്ട് യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നാണ് റഷ്യന്‍ പ്രതിരോധവിഭാഗം അറിയിച്ചത്. മറ്റൊരു ഡ്രോണ്‍ തകര്‍ന്ന് മോസ്‌കോയിലെ വ്യാപാരപ്രദേശത്തുള്ള വലിയ കെട്ടിടത്തില്‍ ഇടിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം തകര്‍ന്നു. ക്രെംലിന് ഏഴു കിലോമീറ്റര്‍ മാറിയാണ് ഈ സംഭവം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകൂടിയാണിത്. ഡ്രോണ്‍ ഇടിച്ച കെട്ടിടത്തിലാണ് സാമ്പത്തിക വികസന മന്ത്രാലയ ഓഫിസുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ച ഗ്ലാസ് പാനലുകള്‍ തകര്‍ന്നു. അതിനിടെ, കരിങ്കടലിലുള്ള തങ്ങളുടെ രണ്ടു യുദ്ധക്കപ്പലുകള്‍ക്കുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചതായും റഷ്യ ആരോപിച്ചു.
മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
