കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ത്രീകളോടും കുട്ടികളോടുമുള്ള സർക്കാർ സമീപനത്തിന്റെ തെളിവാണ് ആലുവയിലെ സംഭവമെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദന്മാരാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മനഃസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി , എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ സംസ്കാര ചടങ്ങിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ച് ഇടത് മുന്നണി നഗരസഭയിലേക്ക് മാർച്ച് നടത്തും.

