സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്

പാലക്കാട് : സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 2023 ജൂലൈ 29 ശനിയാഴ്ച വൈകീട്ട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം ഉയർന്നത്. പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെയായിരുന്നു കൊലവിളി മുദ്രാവാക്യം.

യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. നേരത്തെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പ്രകോപന പ്രസംഗവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ മാഹി പള്ളൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ എഎൻ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവർത്തകർ കൊലവിളി പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് എഎൻ ഷംസീറിന്റെയും പി ജയരാജന്റെയും പൊതു പരിപാടികൾക്ക് പൊലീസ് സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം