അങ്കതട്ടിലേക്ക് പുതുപ്പള്ളി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ ഒക്ടോബറില്‍ ഉണ്ടാകുമെന്നും ഈ കൂട്ടത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണു പുതുപ്പള്ളി വേദിയാകുന്നത്. പി.ടി.തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ യുഡിഎഫിനായി. 2021 ഡിസംബറില്‍ പി.ടി അന്തരിച്ചതിനെ തുടര്‍ന്ന്, 6 മാസം തികയുന്നതിനു തൊട്ടു മുന്‍പ് മേയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2 ഉപതിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണെന്ന പ്രത്യേകതയുണ്ട്. ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പിനു സിപിഎം തയാറാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ ഇത്രമാത്രം സ്‌നേഹിച്ച പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണു നേതാക്കള്‍. മകന്‍ ചാണ്ടി ഉമ്മന്റെ പേര് സ്വാഭാവികമായും ഉയരുന്നുണ്ട്. കുടുംബത്തിന്റെ അഭിപ്രായം കൂടി തേടുമെന്നു നേതാക്കളില്‍ പലരും സൂചിപ്പിക്കുന്നു.

സിപിഎമ്മിനായി റജി സഖറിയ, ജെയ്ക് സി.തോമസ് ?

സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങാന്‍ തീരുമാനിച്ചതായാണ് വിവരം.
പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് യോഗത്തില്‍ ധാരണയായത്. മുന്‍പ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി.തോമസ് എന്നിവരുടെ പേരുകളാകും എല്‍ഡിഎഫിന്റെ ആദ്യ പരിഗണനയില്‍. പുതുപ്പള്ളിക്കു കീഴിലുള്ള 8 പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫിന് ഒപ്പമാണ് എന്നതിലാണ് ആ മുന്നണിയുടെ പ്രതീക്ഷ. പക്ഷേ, ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോഴുള്ളതിനെക്കാള്‍ ശക്തമായി ഉമ്മന്‍ ചാണ്ടി വികാരം അലയടിക്കാനിടയുള്ള തിരഞ്ഞെടുപ്പാക്കും വരാനിരിക്കുന്നതെന്നും എല്‍ഡിഎഫിനു പരിഗണിക്കേണ്ടിവരും

ചാണ്ടി ഉമ്മനോ രാഹുല്‍ മാങ്കൂട്ടത്തിലോ?

ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ കടക്കും.തിങ്കളാഴ്ച നടക്കുന്ന കെ പി സി സി അനുശോചന യോഗത്തിനു ശേഷം ചര്‍ച്ചകള്‍ തുടങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ പാര്‍ട്ടിക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി 53വര്‍ഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്.ഉമ്മന്‍ചാണ്ടിയുടെ മകനും കെ പി സി സി അംഗവും യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമായ ചാണ്ടി ഉമ്മന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനോ പിന്തുടര്‍ച്ചക്കാരനോ ഇല്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയും പാര്‍ട്ടിക്കു മുന്നിലില്ലെന്നാണു കരുതുന്നത്.ഉമ്മന്‍ചാണ്ടിക്കു പൊതുജനങ്ങള്‍ നല്‍കിയ വികാരപരമായ യാത്രയയപ്പ് ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുള്ള സ്ഥാനമാണു തുറന്നു കാട്ടിയത്. ജനങ്ങള്‍ കാണിച്ച ഈ വികാരപ്രകടനത്തെ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണു പാര്‍ട്ടിക്കുമുമ്പാകെയുള്ളത്.ഉമ്മന്‍ചാണ്ടിയുടെ ഒഴിവില്‍ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ ചില പേരുകള്‍ കൂടി അന്തരീക്ഷത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രധാനം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ്. ഇത്തരം പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടി തടയിട്ടിരുന്നു. ഇതിനിടെ പുതുപ്പളിയില്‍ സ്ഥാനാര്‍ഥിയാകാന്‍ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന പ്രതികരണവുമായി കെ സി ജോസഫ് രംഗത്തുവരികയും ചെയ്തു.

53 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മില്‍ 1970 ല്‍ തുടങ്ങിയ സ്‌നേഹബന്ധം ഒരു ഉലച്ചിലും തട്ടാതെയാണ് 53 വര്‍ഷം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷും 70 ലേതാണ്: 7128. പിന്നീട് 2 തവണ മാത്രമേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ പോയുള്ളൂ.1987 ല്‍ വി.എന്‍.വാസവനെതിരേ 9164, 2021 ല്‍ ജെയ്ക് സി.തോമസിനെതിരെ 9044. റെക്കോര്‍ഡ് ഭൂരിപക്ഷം ഉമ്മന്‍ ചാണ്ടി നേടിയത് 2011 ല്‍ സുജ സൂസന്‍ ജോര്‍ജിനെ തോല്‍പ്പിച്ചത് 33,255 വോട്ടിന്.
ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മതിയെ പൂര്‍ണമായും അംഗീകരിക്കുന്ന നയമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രകടിപ്പിച്ചത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കു മുന്നണികള്‍ കടക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →