അനന്തപുരി എഫ്എമ്മിനായി രമേശ് ചെന്നിത്തല രം​ഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ആകാശവാണിയുടെ എഫ് എം സ്‌റ്റേഷനായ അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാർഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് ദിവേദിക്ക് കത്ത് നൽകി. നാലര ദശലക്ഷം ശ്രോതാക്കളുള്ള തിരുവനന്തപുരം നിവാസികളുടെ പ്രിയപ്പെട്ട റേഡിയോ ചാനലാണ് അനന്തപുരി എഫ് എം എന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

വിവിദ് ഭാരതി വാണിജ്യ പ്രക്ഷേപണം തുടങ്ങിയതിന്റെ ഭാഗമായാണ് അനന്തപുരിയുടെ തുടക്കം. 2005 നവംബർ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ് എം ആണ് കേരളത്തിലെ ആദ്യ എഫ് എം. അനന്തപുരി ഇല്ലാതാവുന്നതോടെ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പതിവ് പ്രക്ഷേപണം മാത്രമെ ഇനി ഉണ്ടാവു

തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ജീവിതവുമായി ഇഴുകി ചേർന്നതാണ് ഈ റേഡിയോ ചാനൽ. ലക്ഷക്കണക്കിനാളുകൾ വാർത്തകൾക്കും വിവരങ്ങൾക്കും വിനോദത്തിനുമായി ആശ്രമയിക്കുന്ന ജനപ്രിയ റേഡിയോ ചാനാലാണിത്. കാലാവസ്ഥ, ട്രാഫിക്, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിവരങ്ങൾക്ക് ജനലക്ഷങ്ങൾ ആശ്രയിക്കുന്നതും അനന്തപുരി എഫ് എമ്മിനെയാണ്.

ഇവിടെ നിന്നുള്ള ചലച്ചിത്ര ഗാന പരിപാടികൾക്കും വൻതോതിൽ ജനപ്രീതിയുണ്ട്. അനന്തപുരി എഫ് എമ്മിന്റെ പരിപാടികൾ ഇന്റർനെറ്റ് വഴി ലോകത്തെമ്പാടുമുള്ള ജനങ്ങൾ ആസ്വദിക്കുന്നുമുണ്ട്. അതിനാൽ ഈ റേഡിയോ ചാനലിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. അപ്രതീക്ഷിതമായി അനന്തപുരിയുടെ ഹൃദയതാളം നിലച്ചതിൽ നിരാശരാണ് പ്രേക്ഷകർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →