സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം. ജൂൺ 12ന് അക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായി റിപ്പോർട്ട്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷനും ആക്ടിവിസ്റ്റുകളും എൻ‌സി‌ഡബ്ല്യുവിന് അയച്ച മെയിലിന്റെ ചിത്രങ്ങൾ സഹിതം ‘ഇന്ത്യ ടുഡേ’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

മെയ് ആദ്യവാരത്തിൽ നടന്ന അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇന്റർനെറ്റിനുള്ള വിലക്ക് പിൻവലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയിൽ ആൾക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റർ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റ്. അതിക്രമവുമായി ബന്ധപ്പെട്ട് നിലവിൽ നാല് പേർ കസ്റ്റഡിയിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയക്കുകയും ചെയ്തു.

എന്നാൽ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇപ്പോൾ പ്രതിക്കൂട്ടിലാണ്. കാരണം, ജൂണ് 12ന് പരാതിയായി വനിതാ കമ്മീഷനുമുന്നിൽ വിഷയം കൊണ്ടുവന്നിട്ടും അവഗണിക്കുകയായിരുന്നുവെന്നാണ് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ടിൽ പറയുന്നത്. മണിപ്പൂർ ട്രൈബൽ അസോസിയേഷനെ കൂടാതെ രണ്ട് ആക്ടിവിസ്റ്റുകളും പരാതി മെയിൽ വഴി അയച്ചിരുന്നു. എന്നാൽ, എൻസിഡബ്ല്യുവിൽ നിന്ന് ഇവർക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വീഡിയോ വൈറലായി, വൻ പ്രതിഷേധം ഉയർന്നതോടെയാണ് വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടത്.

അതേസമയം കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി അപമാനിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത ആൾക്കൂട്ടം യുവതികളിലൊരാളുടെ സഹോദരനെയും കൊലപ്പെടുത്തിയതായാണ് വിവരം. വ്യാജവീഡിയോയിൽ പ്രകോപിതരായ ആൾക്കൂട്ടം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സംഘത്തിൽ നിന്നാണ് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയത് എന്നാണ് റിപ്പോർട്ട്. പിതാവും അതിക്രമത്തിനിരയായ യുവതിയും സഹോദരനും മറ്റൊരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. അക്രമികളിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പൊലീസ് കണ്ടെത്തുന്നത്.

പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ തന്നെ ആൾക്കൂട്ടം ഇവരെ വളയുകയും കൂട്ടത്തിലെ സ്ത്രീകളെ പിടികൂടാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരിയെ സംരക്ഷിക്കാൻ ശ്രമിച്ച 19-കാരനെ പൊലീസിന് മുന്നിലിട്ട് തന്നെ അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സ്ത്രീകളിലൊരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് 18ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഹീനകൃത്യത്തിൽ പങ്കാളികളായ ആരെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിനായില്ല. ഒടുവിൽ യുവതികളെ നഗ്നരാക്കി നടത്തുന്ന വീഡിയോ കൃത്യം നടന്ന് മാസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് പൊലീസ് ഉണർന്നു പ്രവർത്തിച്ചത്.

Share
അഭിപ്രായം എഴുതാം