ന്യൂഡല്‍ഹി: മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ത്രെഡ്സില്‍ ഉപഭോക്താക്കള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ത്രെഡ്സില്‍ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞതായി സെന്‍സര്‍ ടവര്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ശരാശരി 20 മിനിട്ട് ആപ്പ് ഉപയോഗിച്ചിരുന്നവര്‍ നിലവില്‍ 10 മിനിട്ട് മാത്രമായി ഉപയോഗം കുറച്ചെന്നും വെബ്സൈറ്റ് അറിയിച്ചു. ജൂലൈ 5ന് ആയിരുന്നു ത്രെഡ്സ് പ്ലേസ്റ്റോറില്‍ എത്തിയത്. ത്രെഡ്സ് പുറത്തിറക്കി വെറും 10 ദിവസത്തിനുള്ളില്‍ 150 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ ത്രെഡ്സ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും ഇവരെ പിടിച്ചുനിര്‍ത്താന്‍ ആപ്പിന് സാധിക്കുന്നില്ല എന്നതാണ് വിവരം. ത്രെഡിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 25 ശതമാനത്തിലധികം കുറവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്ററിന് പകരം എന്ന രീതിയില്‍ ആയിരുന്നു മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചെങ്കിലും ഇത് നിലനിര്‍ത്തുന്നതില്‍ ത്രെഡ്സ് പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ത്രെഡ്സില്‍ ഉപഭോക്താക്കള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
