ദില്ലി: ‘ഉമ്മൻ ചാണ്ടി ജനകീയ നേതാവ്’… ഒരുമിച്ച് മുഖ്യമന്ത്രിയായിരുന്ന കാലം ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റിൽ വിശദമാക്കി. ഒരേ കാലഘട്ടത്തിൽ മുഖ്യമന്ത്രിമാരായി സേവനം ചെയ്തതെന്നും ഇക്കാലത്തെ ആശയവിനിമയം ദില്ലിയിലേക്ക് മാറിയ കാലത്ത് തുടർന്നിരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി സ്മരിച്ചു.
മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചത് . എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിൻറെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കെ സുരേന്ദ്രൻ വാർത്താ കുറിപ്പിൽ വിശദമാക്കി.

