മാനന്തവാടിയിൽ പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

വയനാട് : മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകർത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയൽ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടിൽ റിവാൾഡ് സ്റ്റീഫൻ (23), പിലാക്കാവ് മുരിക്കുംകാടൻ മുഹമ്മദ് ഇൻഷാം (20) എന്നിവരാണ് അറസ്റ്റിലായത്. 2023 ജൂലൈ 11നാണ് സംഭവം.

പ്രതികൾക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങൾ വരുത്തിയതിനും, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂവർ സംഘം മദ്യലഹരിയിൽ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയിൽ ഗ്രോട്ടോ തകർത്തതായാണ് പൊലീസിന് മൊഴിനൽകിയിരിക്കുന്നത്. ഇവർ മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും, ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

പ്രതികൾ വലയിലായതോടെ പ്രദേശത്ത് സാമൂഹിക സ്പർദ്ധയ്ക്ക് പോലും ഇടവരാവുന്ന സംഭവമാണ് അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് ഈ ഗ്രോട്ടോ ആക്രമിക്കപ്പെടുന്നത്. അന്നും സമീപവാസിയായ യുവാവിനെ പിടികൂടിയിരുന്നു. ഏറെ മതസൗഹാർദത്തോടെ കഴിഞ്ഞുവരുന്ന പിലാക്കാവ് നിവാസികളെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും സമാനസംഭവം നടന്നത് ആശങ്കക്കിടയാക്കിയിരുന്നു. മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ എംഎം അബ്ദുൾ കരീമും സംഘവും ആണ് പ്രതികളെ അറസ്റ്റുചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →