കൊച്ചി: സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതി കേരളത്തിൽ ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് ഡോ. ഇ. ശ്രീധരൻ. പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലത്. സെമി അല്ലെങ്കിൽ ഹൈ സ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കാൻ കഴിയുക. പുതിയ പദ്ധതിയുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു.
കെ-റെയിൽ പദ്ധതി റെയിൽവേ ബോർഡിന് സമർപ്പിച്ചെങ്കിലും നടപടിയാകുന്നില്ലെന്ന് കെ.വി. തോമസ് തന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞു. പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ വഴിയുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നാട്ടുകാർ സമ്മതിക്കില്ല. കേന്ദ്ര സർക്കാരിന്റെ അംഗീകാരവും കിട്ടില്ല. പരിസ്ഥിതി സൗഹൃദമല്ല. വിദേശ ഏജൻസികൾ ഉൾപ്പെടെ വായ്പ നിരസിക്കും. അതിനാൽ ഇത് ഉപേക്ഷിക്കണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.
കെ.വി. തോമസ് നിർദേശിച്ചതനുസരിച്ചാണ് വിശദമായ കുറിപ്പ് കൈമാറിയത്. സെമി അല്ലെങ്കിൽ ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് വേറെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കണം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് സെമി സ്പീഡ് റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നത്. 420 കിലോമീറ്ററാണ് ദൂരം. സർവേഘട്ടത്തിൽ മാറ്റംവരാം. പൂർത്തിയാകുന്നതിന് ഒരുലക്ഷം കോടി രൂപ വേണ്ടിവരും. തുടക്കത്തിൽ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ ലഭിക്കും.
ഭൂമിക്കടിയിലൂടെയും ആകാശത്തൂടെയുമാണ് പാത. തിരക്കുള്ള സ്ഥലങ്ങളിൽ ഭൂമിക്കടിയിലൂടെയാകും. അല്ലാത്തസ്ഥലങ്ങളിൽ മുകളിലൂടെയും. ആകെ പാത കണക്കാക്കിയാൽ ചിലപ്പോൾ എലവേറ്റഡും അണ്ടർഗ്രൗണ്ടും പകുതിപ്പകുതിയാകാം. അല്ലെങ്കിൽ 70-30 അനുപാതത്തിലാകാം. ഒരു കിലോമീറ്റർ നിർമാണത്തിന് 200 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ, സിവിൽ ജോലികൾ, ട്രാക്ക്, സിഗ്നലിങ് എന്നിവയെല്ലാം ഉൾപ്പെടെയാണ് ഈ ചെലവ്.
സിൽവർലൈനിന് ഏറ്റെടുക്കാൻ ഉദ്ദേശിച്ചതിന്റെ 20 ശതമാനം മാത്രം സ്ഥലം മതിയാകും. ഭൂഗർഭപാത പാതയാണെങ്കിൽ സ്ഥലമേറ്റെടുക്കേണ്ടി വരില്ല. എലവേറ്റഡ് സ്ഥലത്ത് 20 മീറ്റർ വീതിയിൽ നിർമാണത്തിനുമാത്രം സ്ഥലം മതിയാകും. നിർമാണം കഴിഞ്ഞാൽ നിബന്ധനകൾക്ക് വിധേയമായി ഉടമയ്ക്ക് ആ സ്ഥലം വിട്ടുനൽകാം. കൃഷിക്കെല്ലാം ഈ സ്ഥലം ഉപയോഗിക്കാം. നിർമാണങ്ങൾ പറ്റില്ല ഈ പാത റോഡിനെ രണ്ടായി മുറിക്കില്ല. രണ്ടുവശത്തും മതിലും ആവശ്യമില്ല. ഡ്രെയിനേജ് സംവിധാനം തടസ്സപ്പെടുത്തില്ല. പരിസരവാസികളുടെ സഞ്ചാരത്തെ തരത്തിലും ബാധിക്കില്ല. ഇതെല്ലാം ജനങ്ങളുടെ എതിർപ്പ് കുറയ്ക്കും..
സർക്കാർ ആവശ്യപ്പെട്ടാൽ സെമി സ്പീഡ് റെയിൽ പദ്ധതിയുമായി സഹകരിക്കും. നേരത്തേ ഹൈ സ്പീഡ് റെയിൽ പദ്ധതിക്കുവേണ്ടി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പക്ഷേ, പിന്നീടിത് വേണ്ടെന്നുെവച്ചു. സെമി സ്പീഡായി തുടങ്ങുന്ന പദ്ധതി ഭാവിയിൽ ഹൈ സ്പീഡിലേക്ക് മാറ്റാനാകും. വലിയ ചെലവില്ലാതെ ഇത് സാധ്യമാക്കാം. ഹൈ സ്പീഡിന് മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗം.
വികസനം രാഷ്ട്രീയവുമായി ഇടകലർത്തരുത്. സംസ്ഥാനത്തിന്റെ പുരോഗമനത്തിന് ബി.ജെ.പി. എതിരല്ല. പുരോഗനമാണ് വേണ്ടത്. സാധ്യമായ സഹായമെല്ലാം ചെയ്യും. സാങ്കേതികരംഗമാണ് എന്റെ മേഖല. എനിക്ക് വ്യക്തമായ രാഷ്ട്രീയവുമുണ്ട്. പക്ഷേ, വികസനം എല്ലാവർക്കുമുള്ളതാണ്. നാട്ടുകാർക്ക് ഉപകാരപ്പെടുന്ന ഏത് പദ്ധതിയാണെങ്കിലും പിന്തുണയ്ക്കും.

