ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന് ഏകീകൃത രീതി ഇല്ലാത്തത് സങ്കടകരമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം സെമിനാറിന് കോൺഗ്രസിനെ ക്ഷണിച്ചിരുന്നെങ്കിൽ ഐക്യനിര ഉണ്ടാകുമായിരുന്നുവെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന് ഏകീകൃത രീതി ഇല്ലാത്തത് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു. ഒരേ അണികളാണ് മുസ്ലിം ലീഗിനും സമസ്തയ്ക്കുമെന്നതിനാൽ, സമസ്ത സെമിനാറിൽ പങ്കെടുക്കുന്നതിൽ അണികൾക്കിടയിൽ ആശയക്കുഴപ്പം വേണ്ടെന്നും നാസർ ഫൈസി പറഞ്ഞു.

ഏക സിവിൽ കോഡിനെതിരെ സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പ്രതികരണങ്ങളാണ് വരുന്നത്. സെമിനാറിൽ നിന്ന് വിട്ടു നിൽക്കുന്നത് ലീഗിന് തിരിച്ചടിയാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിനെ മന്ത്രി അഹമ്മദ് ദേവർകോവിൽ വിമർശിച്ചു. നേതാക്കൾ വിട്ടു നിന്നാലും അണികൾ സെമിനാറിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.

ലീഗ് സെമിനാറിൽ പങ്കെടുക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പ്രതികരിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്തതിന് കാരണം അവരുടെ മൃദു ഹിന്ദുത്വ നിലപാടാണെന്നും ജയരാജൻ പറഞ്ഞു. 2023 ജൂലൈ 15 നാണ് ഏക സിവിൽ കോഡിനെതിരെ സിപിഐഎം സെമിനാർ സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →