മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ചർച്ചകളും പുനഃ പരിശോധനകളും ആത്മ പരിശോധനകളും നടത്തണമെന്നാണ് ആമുഖമായി സൂചിപ്പിക്കുവാൻ ഉള്ളത്.
ഒരു എംഎൽഎയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്തത്. എംഎൽഎയ്ക്ക് അപകീർത്തികരമായ വിധത്തിൽ വാർത്തകൾ നൽകി. പട്ടികജാതിക്കാരനായ എംഎൽഎയെ ആ നിലയിൽ പിന്തുടർന്ന് വാർത്തകളിലൂടെ അധിക്ഷേപിച്ചു എന്നീ രണ്ട് വിഷയങ്ങളുടെ പേരിലാണ് പരാതി.പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും അങ്ങനെ തന്നെ.
അപകീർത്തികരമായ വാർത്ത നൽകി എന്ന കാര്യത്തിൽ പോലീസിന് കേസെടുക്കാൻ അധികാരമില്ല. സിവിലും ക്രിമിനലുമായി അപകീർത്തി കേസ് ഫയൽ ചെയ്യേണ്ടത് കോടതിയിലാണ്. എന്നാൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയുന്ന നിയമം കൂടി ഇതിൽ ഉൾപ്പെടുത്തിയതോടെ പോലീസിന് ഇടപെടാം എന്നായി.
പോലീസ് കേസെടുത്തു.ജാമ്യമില്ലാത്ത വകുപ്പ് ഉണ്ട് .എവിടെ കണ്ടാലും പോലീസിന് അറസ്റ്റ് ചെയ്യാം. ജയിലിൽ അടയ്ക്കാം.ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സംഭവിക്കുന്നതുപോലെ തന്നെ ഷാജൻ ഒളിവിൽ പോയി .
കീഴ് കോടതികൾ ജാമ്യ അപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷാജൻ സ്കറിയ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷയുമായി എത്തിയതും കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് മാധ്യമപ്രവർത്തനത്തെ കുറിച്ച് അഭിപ്രായപ്രകടനത്തോടെ വിധി പറയുകയും ചെയ്തതും അങ്ങനെ ഒരു സാഹചര്യത്തിലാണ്.
കോടതി പറഞ്ഞ നാല് W -കൾ.
വാർത്തയുടെ അടിസ്ഥാനമായ നാല് ഡബ്ലിയു-നെ പറ്റിയാണ് കോടതി പറഞ്ഞത്. എന്താണ് കാര്യം? ആരാണ് അതിൽ ഉള്ളത് ? എവിടെയാണ് ? എപ്പോഴാണ് ?
ഇതാണ് ഏതൊരു വാർത്തയുടെയും അടിസ്ഥാന സംഗതി എന്നാണ് കോടതി ഓർമിപ്പിച്ചത്. ശരിയുമാണ്. ജേർണലിസം വിദ്യാർഥികൾ ബാലപാഠമായി പഠിക്കുന്ന കാര്യമാണ് ഇത്. പഠിച്ചവരും പഠിക്കാത്തവരുമായി ആയിരക്കണക്കിന് പേരാണ് കേരളത്തിൽ ജേർണലിസം പ്രാക്ടീസ് ചെയ്യുന്നത്. എന്നിട്ടും വാലും തലയുമില്ലാത്ത വാർത്തകളും അച്ചടിച്ചു വരാറുണ്ട്. ചാനലുകൾ പറഞ്ഞും കാണിച്ചും അറിയിക്കുന്നുമുണ്ട്. ഓരോ വാർത്തയിലും പ്രാഥമിക വാർത്താ ഘടകങ്ങൾ വേണമെന്ന് ഒരു ഹൈക്കോടതി ജസ്റ്റിസ് ഓർമിപ്പിക്കേണ്ടി വന്നത് മാധ്യമപ്രവർത്തകർ ആത്മ പരിശോധന നടത്തേണ്ട സംഗതി തന്നെയാണ്.
നാലു ഡബ്ലിയു ഉണ്ടായാൽ മാത്രം വാർത്തപൂർണ്ണമാവുകയില്ല.
നാല് ഡബ്ലിയുവിനു പുറമേ ഒരു എച്ച് കൂടി വാർത്തയുടെ ബാലപാഠമായി പഠിക്കുന്നുണ്ട്.
ഒരു കാര്യം എങ്ങനെയാണ് സംഭവിച്ചത് ?
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
അതിന് പിന്നിൽ എന്തെല്ലാം ഒക്കെയുണ്ട് ?
എന്തെല്ലാം കാര്യങ്ങൾ പുറത്തു വരാതെയുണ്ട് ?
അകത്ത് ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കാം ? ഇങ്ങനെയൊക്കെ ആണെങ്കിൽ ഈ സംഭവം ഇനി എന്തായി മാറാനാണ് സാധ്യത ?
അത് സമൂഹത്തിൽ എന്ത് കുഴപ്പമായിരിക്കും ഉണ്ടാക്കുക ?
എന്ത് നന്മകൾ ആയിരിക്കും സൃഷ്ടിക്കുക ?…..
ഇങ്ങനെ വിശാലമായ ഒരു മേഖലയെയാണ് ഈ എച്ച് പ്രതിനിധീകരിക്കുന്നത്. How എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് എച്ച് ഉണ്ടായത്. How- ഒരു മൂന്നക്ഷരവാക്കാണെങ്കിലും അതിന് വിപുലമായ അർത്ഥമാണ് ഉള്ളത് . ഈ മൂന്നക്ഷരത്തിലൂടെ കയറിയിറങ്ങി വരുമ്പോൾ , ഒരു മണിക്കൂർ നീളമുള്ള ടെലിവിഷൻ ചർച്ചയ്ക്കും , അരപ്പേജ് എഡിറ്റോറിയൽ ലേഖനത്തിനും ഉൾക്കൊള്ളാൻ ആവാത്ത അത്ര വിശദാംശങ്ങൾ അത് കൊണ്ടുവന്നേ മതിയാവുകയുള്ളു. കോടതി പറയാതെ വിട്ട ഈ ബാലപാഠമാണ് ഇന്നത്തെ കാലത്തെ ജേർണലിസത്തിന്റെ കാതൽ എന്ന് പറയേണ്ടിയിരിക്കുന്നു.
വാർത്തയുടെ പഴയ കാലങ്ങൾ മാറി
പഴയകാലത്തെ പ്രാധാന്യവും ദൗത്യവും അല്ല ഇന്ന് വാർത്തയ്ക്ക് നിർവഹിക്കാനുള്ളത്.
ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയത് ആഴ്ചകൾ കഴിഞ്ഞിട്ടും അറിയാത്ത ധാരാളം പൗരന്മാർ ഇന്ത്യയിൽ അന്ന് ഉണ്ടായിരുന്നു. 1947 ൽ സ്വാതന്ത്ര്യം കിട്ടിയതും ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോയതുമായ കാര്യം ആഴ്ചകൾ കഴിഞ്ഞു മാത്രം അറിഞ്ഞ ആളുകളും പതിനായിരക്കണക്കിനായിരുന്നു.
ഇന്ത്യയിൽ അടിയന്തരാവസ്ഥ വന്നു എന്ന് പോലീസിന്റെ ചവിട്ടു കിട്ടിയപ്പോൾ മാത്രം അറിഞ്ഞ പൗരന്മാരും ഉണ്ടായിരുന്നല്ലോ !.
ആ കാലത്ത്, ഒരു കാര്യം അതിന്റെ അടിസ്ഥാന വിവരങ്ങളോടെ അറിയിക്കുക എന്നതായിരുന്നു വാർത്തയുടെ പ്രാഥമിക ലക്ഷ്യം. 10 മിനിറ്റിന്റെ ഓൾ ഇന്ത്യ റേഡിയോ വാർത്തയിലൂടെയും ഈ ദൗത്യം നിറവേറ്റുവാൻ കഴിയുമായിരുന്നു. വാർത്ത എന്നാൽ അത്രമാത്രം ആയിരുന്നു. അല്ലെങ്കിൽ അത്രമാത്രം മതിയായിരുന്നു.
കാലം മാറി. സംഭവങ്ങളുടെ ലൈവ് വീഡിയോ, സോഷ്യൽ മീഡിയ പുറത്തുവിടുന്നത് കണ്ടിട്ടാണ് പ്രധാന പത്ര ആഫീസിലെ എഡിറ്റോറിയൽ പോലും ഇന്ന് കഥയറിയുന്നത്. ചാനലുകൾ സോഷ്യൽ മീഡിയയുടെ സ്പന്ദനങ്ങളെ ശ്രദ്ധിച്ച് പിന്തുടരുന്നു. വാർത്തയുടെ ഉറവിടമായി അതിനെ കാണുകയും ചെയ്യുന്നു. വാർത്തയുടെ ഉറവിടങ്ങൾ പലതാണ് ഇന്ന്.
‘പല വഴികളിലൂടെയാണ് അത് എത്തിച്ചേരുന്നത്. അവിടെയെല്ലാം വല പിടിച്ചു കാത്തിരിക്കുന്ന സ്ഥിതിയാണ് പ്രൊഫഷണൽ മാധ്യമ രംഗത്ത് ഉള്ളത്.
വാർത്ത ഉറവിടങ്ങൾ വിപുലമായി. അതുകൊണ്ട് അവയെല്ലാം നിരീക്ഷിക്കുന്ന വിധം ഇന്നത്തെ പ്രൊഫഷണൽ മാധ്യമ രംഗം മാറ്റി എന്ന് മാത്രമാണ് അതിനർത്ഥം. അല്ലാതെ അതൊരു പരാധീനതയല്ല.
ഇവിടെയാണ് പഴയകാലത്തെ നാല് ഡബ്ലിയു കൊണ്ടുമാത്രം വാർത്ത എഴുതാൻ അല്ലെങ്കിൽ വിനിമയം ചെയ്യാൻ കഴിയാതെ വരുന്നത്. വാർത്തയുടെ ഡബ്ലിയു, പത്രങ്ങളും ചാനലുകളും അറിയിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങളുടെ ശ്രദ്ധയിൽ ഇന്ന് വന്നു കഴിഞ്ഞിട്ട് ഉണ്ടായിരിക്കും. അങ്ങനെയുള്ള കാലത്തെ വാർത്തയാണ് ഇന്ന് മാധ്യമങ്ങൾ നൽകേണ്ടത് .റിപ്പോർട്ടർമാർ റിപ്പോർട്ട് ചെയ്യേണ്ടത് .എഡിറ്റർമാർ എഡിറ്റ് ചെയ്ത് നൽകേണ്ടത്.
നാലു ഡബ്ലിയു എന്താണ് എന്ന് അറിയാൻ ഇന്ന് ആർക്കും രാവിലെ ആറരയ്ക്ക് വരുന്ന പത്രം തുറന്നു നോക്കേണ്ട ഗതികേട് ഇല്ല . ചാനലിലെ വാർത്ത ബുള്ളറ്റിൽ വരാൻ കാത്തിരിക്കുകയും വേണ്ട.
അങ്ങനെയൊരു കാലത്ത് രാവിലെ പത്രത്തിൽ എന്താണ് വായനക്കാരൻ തിരയുന്നത് ?
ചാനൽ വാർത്തകളിൽ എന്തായിരിക്കും ഒരാൾ ആഗ്രഹിക്കുന്നത് ?
ഇതിനോടകം പുറത്തുവന്നു കഴിഞ്ഞിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതുമായ നാലു ഡബ്ലിയുകൊണ്ട് ഒരു കാര്യവും അയാൾക്ക് ഇല്ല .
ഇതിൽനിന്ന് ഒരു കാര്യം വ്യക്തമല്ലേ ?നാലു ഡബ്ലിയു ഉണ്ടായാൽ ഇന്ന് വാർത്ത ആവുകയില്ല. അതാണ് പുതിയ കാലത്തെ വാർത്തയുടെ സവിശേഷത. ഇന്നത്തെ വാർത്ത ഉള്ളടക്കത്തിലും രൂപത്തിലും മറ്റൊന്നാണ്.
ഇന്ന് How എന്ന് സമൂഹം ചോദിക്കുമ്പോൾ
അത് How എന്ന മൂന്നു വാക്കിനെ കേന്ദ്രീകരിച്ചാണ് രൂപപ്പെടുന്നത്. ഇത് വാർത്തയുടെ ഉള്ളടക്കത്തിൽ സംഭവിച്ചിട്ടുള്ള വികാസമാണ്. വളർച്ചയാണ്. വിശദാംശങ്ങളിലും നിരീക്ഷണങ്ങളിലും കൂടി കൂടുതൽ സമൃദ്ധമായ ഉള്ളടക്കവും പൂർണതയുള്ള രൂപവും വാർത്തയ്ക്ക് കൈവരുക ആയിരുന്നു ആധുനിക കാലത്ത്.
നാലു ഡബ്ലിയു നൽകുന്ന ഒരു റിപ്പോർട്ടറെ അതി സമർത്ഥനായി അറുപതു കളിൽ വാഴ്ത്തിയേക്കാം. കടന്നുപോയവരെ അവമതിക്കുകയല്ല. പുകഴ്ത്തപ്പെട്ട പല പത്രപ്രവർത്തകരും നാലു ഡബ്ലിയു കൊണ്ട് പുലർന്നവർ ആയിരുന്നു.അത് നൽകാൻ കഴിയാതെ പോയ പത്രങ്ങളെ അപേക്ഷിച്ച് അവ നൽകിയവർ എക്സ്ക്ലൂസീവ് കാരായും ഉയർത്തപ്പെട്ടു അന്ന്.
അതേസമയം പത്രാഭിപ്രായം എഴുതിയവർ പത്രപ്രവർത്തകരായി പരിഗണിക്കപ്പെട്ടില്ല. കലാപകാരികളും പ്രക്ഷോഭകാരികളുമായി മാറി. സ്വദേശാഭിമാനിയിലെ വാർത്തയെ സ്വീകരിച്ച ദിവാന്മാർ പത്രാഭിപ്രായം എഴുതിയ രാമകൃഷ്ണപിള്ളയെ നാടുകടത്തി. അഭിപ്രായം എഴുതിയതിന്റെ പേരിൽ പോലീസ് ആക്രമിച്ചവരും വേട്ടയാടി വരും ഒന്നും രണ്ടുമല്ല. പക്ഷേ നാലു ഡബ്ലിയു നൽകി എന്നുള്ളതിന്റെ പേരിൽ ആരും അത് നേരിട്ടില്ല.
അഭിപ്രായങ്ങളും വിശകലനങ്ങളും അന്ന് വാർത്തയ്ക്ക് പുറത്തായിരുന്നു.. പക്ഷേ ഇന്ന് അതല്ല സ്ഥിതി.നാല് ഡബ്ലിയു അല്ല ഒരു മാധ്യമത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.ചാനലായാലും പത്രം ആയാലും ഡിജിറ്റൽ മീഡിയ ആയാലും ഒരു മാധ്യമത്തിൽ നിന്ന് സമൂഹം അത് നിർബന്ധമായി പ്രതീക്ഷിക്കുന്നില്ല.
പഴയകാലത്തെ ഒരു പത്രവായനക്കാരന് ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് എന്ന ജനറൽനോളജിനപ്പുറം ഒന്നും മാധ്യമം നൽകിയിരുന്നില്ല.നൽകേണ്ടതും ഇല്ലായിരുന്നു. പത്രമായാലും റേഡിയോ ആയാലും അതായിരുന്നു സ്ഥിതി. അത്രയും നൽകിയാൽ മതിയായിരുന്നു.
നാല് ഡബ്ലിയുകളും ഇപ്പോൾ പിൻ ബെഞ്ചിലാണ് , പക്ഷേ വേണം
വാർത്തയുടെ രൂപവും ഉള്ളടക്കവും ഇന്ന് നാല് ഡബ്ലിയു – കളെ പിൻ ബെഞ്ചിൽ ഇരുത്തി. എങ്ങനെയാണ് ?എന്തുകൊണ്ടാണ് ? എങ്ങനെയൊക്കെ ആയിരുന്നു ?ഇനി എങ്ങനെയൊക്കെ ആകും ? തുടങ്ങിയ മേഖലകളെ മുൻപിൽ ഇരുത്തുകയാണ്.
അതാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. അങ്ങനെയുള്ള കാര്യങ്ങൾ തിരയുന്ന വിധത്തിലേക്ക് സമൂഹം വളർന്നു കഴിഞ്ഞു. സംഭവങ്ങളുടെ റിപ്പോർട്ടിംഗ് എന്നതിനപ്പുറം ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും അഭിപ്രായ സംഘർഷങ്ങളുടെയും റിപ്പോർട്ടിംഗ് ആയി വാർത്താലോകം വികസിച്ചു കഴിഞ്ഞു. സമൂഹത്തിൻറെ ബോധനിലവാരം വികസിച്ചതിന്റെ ഭാഗം കൂടിയാണ് ഇത്.
പഴയകാലത്തെ നാല് ഡബ്ലിയു അറിയാവുന്ന ഒരു ജേണലിസ്റ്റിന് ഇന്ന് ഒന്നും ചെയ്യാനില്ല. വൈകിട്ടത്തെ ടെലിവിഷൻ ചർച്ച നയിക്കുന്ന അവതാരകന്റെ കാര്യത്തിൽ ആണെങ്കിലും എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതുന്ന ലീഡ് റൈറ്ററുടെ കാര്യത്തിലാണെങ്കിലും സ്ഥിതി അതു തന്നെ.
കൂടുതൽ ആശയപരവും അഭിപ്രായപരവും ബുദ്ധിപരവും ആയി വ്യക്തികൾ വളരുകയും വികസിക്കുകയും ചെയ്ത സമൂഹത്തിൽ ആശയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് ആവശ്യം. ജേർണലിസം പുസ്തകത്തിലെ ബാലപാഠങ്ങൾ ഒരു ജസ്റ്റിസ് ഓർമ്മിപ്പിച്ചത് നല്ലതുതന്നെ. മാധ്യമപ്രവർത്തനത്തിന്റെ ചക്രവാളം വളരെ വികസിച്ചു കഴിഞ്ഞ കാലത്തും നാലു ഡബ്ലിയു പോലും ഇല്ലാതെ തുഴയുന്നവർക്ക് ജസ്റ്റിസിന്റെ വാക്കുകൾ പ്രയോജനപ്പെടും. അത് ഒരു ജസ്റ്റീസിനെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നതിന്റെ ഗതികേട് ഓർത്ത് പ്രൊഫഷണൽ ജേർണലിസ്റ്റുകൾക്ക് ലജ്ജിക്കാം.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888