സര്‍വ്വകലാശാല പ്രവേശനത്തിന് നല്‍കുന്ന വംശീയ പരിഗണന നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍: സര്‍വ്വകലാശാല പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് വംശീയ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സംവരണം നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി. നയപരമായ നടപടിയെന്ന നിലയില്‍ അമേരിക്കയില്‍ പിന്തുടര്‍ന്നിരുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള സമീപനത്തിലാണ് കോടതി ഇടപെടലിലൂടെ മാറ്റമുണ്ടാകുന്നത്. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ഒരു നയം കൂടിയാണ് കോടതി ഇടപെടലിലൂടെ അന്ത്യമാകുന്നത്.

അഫര്‍മേറ്റീവ് ആക്ഷന്‍ എന്ന നിലയിലായിരുന്നു ഈ സമീപനം സ്വീകരിച്ചിരുന്നത്. നിലവിലെ നിയമമനുസരിച്ച് കറുത്ത വർഗ്ഗക്കാർക്കും, ലറ്റിനോ/ഹിസ്പാനിക് വംശജർക്കും പ്രവേശനത്തിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഭരണഘടന അനുശാസിക്കുന്ന തുല്യത കോളേജ് പ്രവേശനത്തിലും നടപ്പാക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. 1960കളിലാണ് ഈ നയം സ്വീകരിച്ചത്. വൈവിധ്യം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സമീപനം നടപ്പിലാക്കിയിരുന്നത്.

യുഎസ് സുപ്രീം കോടതി തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍ വിശദമാക്കി. ഈ തീരുമാനത്തെ അവസാന വാക്കായി അനുവദിക്കാനാവില്ലെന്ന് ബൈഡന്‍ പ്രതികരിച്ചു. വിവേചനം ഇന്നും അമേരിക്കയിലുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ കോടതിയല്ലെന്നും ജസ്റ്റിസുമാരില്‍ ആശയപരമായ ഭിന്നിപ്പുകള്‍ ഉണ്ടെന്നും ബൈഡന്‍ വിലയിരുത്തി. ക്യാംപസുകളില്‍ വൈവിധ്യം ഉറപ്പ് വരുത്തുന്നതിനായി സര്‍വ്വകലാശാല മേധാവികള്‍ ഉപയോഗിച്ചിരുന്ന സുപ്രധാന മാര്‍ഗമാണ് കോടതി എടുത്ത് മാറ്റിയതെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി മിഗേല്‍ കാര്‍ഡോണ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്യാംപസുകളില്‍ വൈവിധ്യം നിയമപരമായി ഉറപ്പാക്കാനായുള്ള നിര്‍ദ്ദേശങ്ങള്‍ വൈറ്റ് ഹൌസ് നല്‍കുമെന്നാണ് വിലയിരുത്തലെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഹാര്‍വാര്‍ഡ്, നോര്‍ത്ത് കരോലിന സര്‍വ്വകലാശാലകളെ സംബന്ധിച്ചാണ് നിലവിലെ ഉത്തരവ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →