തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പ്രകടനമായെത്തിയവർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. കൊല്ലം ചവറയിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരിൽ പന്തം കൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു.
കോഴിക്കോട് കമ്മീഷമർ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരെത്തി. വടകര,മുക്കം, കാരശേരി, പേരാമ്പ്ര മേഖലകളിലും പ്രതിഷേധമുണ്ടായി. മലപ്പുറം ചങ്ങരംകുളത്ത് ദേശീയപാത ഉപരോധിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനമാകെ കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ കെ. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

