തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈൽ എബിസി (അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം) കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
മാരകമായ മുറിവുള്ള, എന്നാൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇടയാക്കും. മൃഗസ്നേഹി സംഘടനകളുടെ യോഗം വിളിച്ച ശേഷം അവരുടെ കൂടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്ത് നിലവിൽ 20 എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 25 എണ്ണം കൂടി ഉടൻ പ്രവർത്തനസജ്ജമാക്കും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും ഡിസ്പെൻസറികളിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലുള്ള എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന രീതിയിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൈയും കാലും കെട്ടി പട്ടിയുടെ മുമ്പിൽ എറിഞ്ഞുകൊടുക്കുന്നതാണ് കേന്ദ്രത്തിൻറെ ചട്ടങ്ങൾ. അപ്രായോഗികമായ നിയമങ്ങൾക്ക് ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

