മലപ്പുറം : വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി അൻവർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2023 ജൂൺ 7 ന് ബുധനാഴ്ചയാണ് സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ താനൂർ ആൽബസാർ സ്വദേശി അൻവർ ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റുകയായിരുന്നു. ശേഷം ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
അതിജീവിതയുടെ പരാതിയിൽ താനൂർ എസ്ഐ ആർഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. താനൂർ ചാപ്പപ്പടി ഭാഗത്ത് നിന്ന് കണ്ടെത്തിയ അൻവറിനെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

