മുംബൈ : എൻസിപി വർക്കിങ് പ്രസിഡന്റുമാരായി രാജ്യസഭാംഗം പ്രഫുൽ പട്ടേൽ, ശരദ് പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിള സുലെ എന്നിവരെ നിയമിച്ചു. 2023 ജൂൺ 10 ശനിയാഴ്ചയാണ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഇവരെ നിയമിച്ചത്. പാർട്ടിയുടെ 24–ാം സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ, അജിത് പവാർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനൊപ്പം മകൾ സുപ്രിയ സുളെയെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിയ ശരദ് പവാർ, പാർട്ടിയിൽ തന്റെ പിൻഗാമി സുപ്രിയ ആയിരിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ദേശീയതലത്തിൽ അനുഭവപരിചയമുള്ള, മുൻ സിവിൽ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിനു വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയതിലൂടെ സീനിയോറിറ്റിയും മാനിച്ചിരിക്കുന്നു.
എൻ സിപിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മറുപടിയുമായി ശരദ് പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുളെ രംഗത്തുവന്നു. ഏതു പാർട്ടിയിലാണു സ്വജനപക്ഷപാതമില്ലാത്തതെന്നു സുപ്രിയ മാധ്യമപ്രവർത്തകരോട് ചോദിച്ചു. സ്വജനപക്ഷപാതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ തന്നെ എന്തുകൊണ്ട് മികച്ച പ്രകടനത്തെക്കുറിച്ചു സംസാരിച്ചുകൂടായെന്നും സുപ്രിയ ചോദിച്ചു. പാർലമെന്റിലെ എന്റെ പ്രകടനങ്ങളുടെ കണക്കുകൾ നോക്കു. ലോക്സഭാ കണക്കുകളിൽ ഞാൻ വളരെ മുകളിലാണ്. എന്റെ അച്ഛനോ അമ്മയോ അങ്കിളോ അല്ല പാർലമെന്റ് നടത്തുന്നത്. ഒരു സ്വജനപക്ഷപാതവുമില്ല, യോഗ്യതമാത്രമാണുള്ളത്.’’ സുപ്രിയ സുളെ വിശദീകരിച്ചു.
മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെയും ലോക്‌സഭ വനിത, യുവജന, വിദ്യാർഥി വിഭാഗങ്ങളുടെയും ചുമതലയാണു പാർട്ടി സുപ്രിയയ്ക്കു നൽകിയിരിക്കുന്നത്. രാജ്യസഭയിലെ പാർട്ടി കാര്യങ്ങൾക്കു പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് മറ്റൊരു വർക്കിങ് പ്രസിഡന്റായ പ്രഫുൽ പട്ടേലിനു ലഭിച്ചത്.
പാർട്ടിയിൽ രണ്ടാമനാകാൻ നീക്കം നടത്തിയിരുന്ന സഹോദരപുത്രൻ അജിത് പവാറിനെ തഴഞ്ഞാണ് പവാറിന്റെ നടപടി. നിരാശനായി മാധ്യമങ്ങളോടു സംസാരിക്കാതെ സ്ഥലംവിട്ട അജിത്, പിന്നീട് ട്വിറ്ററിലൂടെ ഇരുവരെയും അഭിനന്ദിച്ചു.

