തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കടുക്കുന്നു. സംയുക്ത ഗ്രൂപ്പു യോഗത്തിൽ നേതാക്കൾ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടിക്കകത്ത് ഇതു വരെയുണ്ടായിരുന്ന ഐക്യത്തിന്റെ അന്തരീക്ഷം തകർത്തത് ഗ്രൂപ്പുകളാണെന്നും സുധാകരൻ തുറന്നടിച്ചു.
ഇക്കാലമത്രയും സൗഭാഗ്യങ്ങൾ അനുഭവിച്ച നേതാക്കളാണ് യോഗത്തിലുണ്ടായിരുന്നത്. ഈ സംഭവം അണികൾക്കിടയിൽ അമർഷമുണ്ടാക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാൻഡിനെ കാണുന്നത്. ജനാധിപത്യപരമായ രീതിയിൽ യോഗ്യത നോക്കിയാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയതെന്നും ഹൈക്കമാൻഡിമനെ കാണണമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പലർക്കും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമാണിപ്പോഴുള്ളതെന്ന എം.എം. ഹസന്റെ പ്രസ്താവന ബാലിശമാണെന്നും സുധാകരൻ പറഞ്ഞു.

