കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. അസിസ്റ്റൻറ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റൻറ് ക്യാമറാമാനാണ് ഇയാൾ. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സിനിമ മേഖലയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്.
ഇതിനിടെ ചലച്ചിത്ര സംവിധായകൻ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിർത്തിയതിനു ശേഷം ഉദ്യോഗസ്ഥർ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. 2 മണിക്കൂർ നീണ്ട ഒരു റെയ്ഡ് ആണ് അദ്ദേഹത്തിൻറെ മുറിയിൽ പിന്നീട് നടന്നത്. അതിനിടെ, കിട്ടിയിട്ടില്ല എന്ന് ഏതോ ഉദ്യോഗസ്ഥനോട് ഇവർ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നജീമിനോട് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു,
നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ. ഇവിടെയില്ല എന്ന് ഉറപ്പാണോ എന്ന്. അതിനിടെ നജീമിൻറെ ഉപയോഗത്തിന് പ്രൊഡക്ഷനിൽ നിന്ന് കൊടുത്ത കാറും ഇവർ പരിശോധിച്ചു”, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമാ മേഖലയിൽ വൻ തോതിൽ ലഹരി ഉപയോഗമെന്ന ആരോപണത്തെ തുടർന്ന് സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്‍താവനയിലും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. “ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻസമയ നിരീക്ഷണത്തിൽ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ എല്ലാം പുറത്തു വിടണം”, ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു

