കുന്ദംകുളം: തൃശൂർ കുനംമൂച്ചിയിൽ 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടു യുവതികളെയും കോടതി റിമാൻറ് ചെയ്തു. ചൂണ്ടൽ സ്വദേശിനി സുരഭി എന്ന 23 കാരിയേയും കണ്ണൂർ സ്വദേശി പ്രിയയേയുമാണ് 2023 ജൂൺ 6 ന് കുന്ദംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാളായ സുരഭി എബിവിപി പ്രവർത്തകയായിരുന്നു. സുരഭി വിവേകാനന്ദ കോളേജിൽ പഠിക്കുന്ന കാലത്ത് എബിവിപി അനുഭാവിയായിരുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കോൺഗ്രസ്, സിപിഎം പ്രൊഫൈലുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
സുരഭിയുടെ സഹോദരി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ടെങ്കിലും സുരഭിക്ക് വിദ്യാർഥി സംഘടനയിലോ പാർട്ടിയിലോ ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി വിശദീകരണം. സുരഭിയും സുഹൃത്തായ കണ്ണൂർ സ്വദേശി പ്രിയയുമാണ് കുന്നംകുളത്തെ ലഹരി വിൽപനയിലെ കണ്ണികളെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് കുന്ദംകുളം പൊലീസ് ഇരുവരെയും കുടുക്കാനായി വലവിരിച്ചത്.
ആവശ്യക്കാരെന്ന വ്യാജേന പൊലീസ് ഇരുവരെയും സമീപിച്ചു. പതിനെട്ട് ഗ്രാമിന് മുപ്പതിനായിരം രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. ബൈക്കിൽ സാധനമെത്തിച്ചപ്പോൾ കൂനിച്ചിയിൽ വച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു. ഒരു പുതുവർഷ പാർട്ടിയിൽ ലഹരി ഉപയോഗിച്ചു തുടങ്ങിയ സുരഭി പിന്നീട് അടിമയാവുകയായിരുന്നെന്നാണ് പൊലീസിന് നൽകിയ മൊഴി. ജീവിക്കാനായി പണം കണ്ടെത്താനായിരുന്നു മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്നും യുവതികൾ പൊലീസിനോട് പറഞ്ഞു.

