വിഴിഞ്ഞം തുറമുഖം 2024 മെയ് മാസം കമ്മിഷൻ ചെയ്യുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകാൻ ഇനി ഒരു വർഷം മാത്രമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. 2024 മെയ് മാസത്തിൽ തുറമുഖം കമ്മിഷൻ ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഹഡ്‌കോ വായ്പ ലഭിച്ചതോടെ റെയിൽവേ പാതയ്ക്കായുള്ള നടപടികൾ സർക്കാരും വേഗത്തിലാക്കി.

കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖം അടുത്ത മെയ് മാസത്തിൽ യാഥാർഥ്യമാകുമെന്നറിയിച്ചത് അദാനി പോർട്ട്‌സ് സിഇഒ കരൺ അദാനിയാണ്. 2024 മാർച്ചിൽ ഭാഗികമായി കമ്മീഷൻ ചെയ്യുന്ന തുറമുഖത്തിന്റെറ നിർമാണം മെയ് മാസത്തോടെ പൂർത്തിയാക്കുമെന്നായിരുന്നു മുംബൈയിൽ കരൺ അദാനിയുടെ പ്രതികരണം. പ്രതിമാസ അവലോകന യോഗത്തിൽ അദാനി ഗ്രൂപ്പ് അധികൃതർ സർക്കാരിനും ഇക്കാര്യം ഉറപ്പുനൽകിയിട്ടുണ്ട്. ഈ വർഷം സെപ്തംബർ, ഒക്ടോബർ, മാസങ്ങളിൽ ആദ്യ കപ്പൽ എത്തിക്കാനാണ് നീക്കം.

തുറമുഖത്ത് സ്ഥാപിക്കാനുള്ള കൂറ്റൻ ക്രൈനുകളുമായി ചൈനയിൽ നിന്നാണ് കപ്പലുകൾ എത്തുക. വിഴിഞ്ഞം സമരത്തെ തുടർന്ന് നാല് മാസത്തോളം നിർമാണം തടസപ്പെട്ടെങ്കിലും കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചും അധിക സമയം പ്രവർത്തിച്ചും പ്രതിസന്ധി മറികടക്കാൻ നിർമാണക്കമ്പനിക്കായി. ഇപ്പോൾ മൺസൂൺ വൈകുന്നതും അനുകൂലമാണ്. അദാനി ഗ്രൂപ്പിന് കരാർ തുക നൽകുന്നതിലടക്കം സർക്കാരിൽ സാമ്പത്തിക ഞെരുക്കം നേരത്തെ ഉണ്ടായിരുന്നു.

ഹഡ്‌കോ അനുവദിച്ച 2000 കോടി രൂപയുടെ വായ്പ ലഭ്യമായാൽ കെഎഫ്‌സിയിൽ നിന്നെടുത്ത കടം തിരിച്ചടയ്കുന്നതിനൊപ്പം റെയിൽവേ കണക്ടിവിറ്റിയുടെ നടപടികളും തുടങ്ങും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുകയാണ് ആദ്യ ഘട്ടം. ഒരു വർഷത്തിനകം തുറമുഖം കമ്മിഷൻ ചെയ്യുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം വന്നതോടെ സർക്കാർ തല നടപടികൾക്കും വേഗം കൂടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →