ട്രെയിന്‍ അപകടം, നിര്‍ണായകമാവുക റെയില്‍ ട്രാഫിക് ചാര്‍ട്ട്

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് രാജ്യം വെള്ളിയാഴ്ച്ച സാക്ഷിയായത്. അപകടം ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ നാം സുരക്ഷയ്ക്ക് എത്ര കണ്ട് പ്രാധാന്യം നല്‍കുന്നു എന്നത് ബാലസോറിലെ അപകടം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

നിര്‍ണായകമാവുന്ന റെയില്‍ ട്രാഫിക് ചാര്‍ട്ട്

ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ ട്രാഫിക് ചാര്‍ട്ട് നിര്‍ണായകമാകും.അപകടത്തിനു തൊട്ടു മുമ്പ് ട്രെയിനുകള്‍ ഏതു ട്രാക്കുകളിലായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ റെയില്‍ ട്രാഫിക് ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ അപകടകാരണം കണ്ടെത്താന്‍ ഇതു സഹായകമാകുമെന്നാണു സൂചന. യാര്‍ഡ് ലേഔട്ട് അല്ലെങ്കില്‍ റെയില്‍വേ ട്രാഫിക് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഡയഗ്രത്തില്‍ അപകടസമയത്ത് മൂന്നു ട്രെയിനുകളുടെയും സ്ഥാനം സൂചിപ്പിക്കുന്നുണ്ട്. ഡയഗ്രത്തില്‍ യു.പി. ലൈന്‍ അഥവാ മധ്യരേഖ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ട്രാക്കിലൂടെയായിരുന്നു ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ് ഓടിയെത്തിയതെന്ന് റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഡി.എന്‍. മെയിന്‍ എന്നു രേഖപ്പെടുത്തിയ മറ്റൊരു ലൈനിലൂടെയായിരുന്നു ബംഗളുരു – ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സഞ്ചരിച്ചിരുന്നത്. കോറമാണ്ഡല്‍ എക്സ്പ്രസിന്റെ ചില കോച്ചുകള്‍ പാളം തെറ്റുകയും ചില കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലെ ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയുമായിരുന്നു.ചില കോച്ചുകള്‍ ഡി.എന്‍. മെയിന്‍ ട്രാക്കിലേക്കും വീണു. ഈ ട്രാക്കിലൂടെയെത്തിയ ബംഗളുരു-ഹൗറ എക്സ്പ്രസ് കോറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളില്‍ ഇടിക്കുകയുമായിരുന്നെന്നാണ് റെയില്‍ ട്രാഫിക് ചാര്‍ട്ട് അടിസ്ഥാനമാക്കി റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

2020 എത്തുമ്പോള്‍ ട്രെയിനപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനായിരുന്നു റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിില്ല. ട്രെയിനുകള്‍ പാളം തെറ്റിയും പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചും ഓരോ വര്‍ഷവും രാജ്യത്ത് 15,000 ആളുകളാണ് ജീവന്‍ വെടിയുന്നത്. 2012 ല്‍ റൈയില്‍വേ നിയോഗിച്ച ഉന്നതതല സമിതിയാണ് ഇത് കണ്ടെത്തിയത്. ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ ട്രെയിന്‍ തട്ടി 194 പേരാണ് മരിച്ചത്. 80 ശതമാനം ട്രെയിന്‍ അപകടങ്ങളും റെയില്‍വേ ജീവനക്കാര്‍ അടക്കമുള്ളവരുടെ അശ്രദ്ധമൂലമാണ് ഉണ്ടാവുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം