ഡല്‍ഹി കൊലപാതകം: പതിനാറുകാരിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

ന്യൂഡല്‍ഹി: രോഹിണിയില്‍ തെരുവില്‍ വെച്ച് അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പതിനാറുകാരിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ നല്‍കും. കേസില്‍ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ സഹായധനം നല്‍കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കേസില്‍ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചതാണ് പൊലീസിന് പിടികൂടാന്‍ സഹായിച്ചത്.ആറംഗ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വാക്കേറ്റത്തിന് പിന്നാലെ പ്രതി പെണ്‍കുട്ടിയെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയും കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു.പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാഹില്‍ ലഹരിക്ക് അടിമയാണോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിനു ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.സാഹിലിനെ ഡല്‍ഹി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Share
അഭിപ്രായം എഴുതാം