കമ്പം: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പരത്തി. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. 2023 മെയ് 27 ശനിയാഴ്ച രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. നിരത്തിലെത്തിയ കൊമ്പൻ വാഹനങ്ങൾ കതർത്തു. കൊമ്പനെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമിക്കുകയാണ്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അരിക്കൊമ്പൻ ആളുകളെ ഓടിക്കുന്നതും ഒരു ഓട്ടോറിക്ഷ തകർക്കുന്നതും വീഡിയോയിലുണ്ട്. കമ്പംമെട്ടുഭാഗത്തേക്കാണ് നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിൻ തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. ഈഒരു മണിക്കൂറിനിടെ അരിക്കൊമ്പൻ ഏത് ദിശയിലെത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നു. എന്നാൽ അരിക്കൊമ്പനെ കണ്ടെത്താൻ പലപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല.മെയ് 26 വെളളിയാഴ്ചവരെ ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായിട്ടാണ് വ്യക്തമായിരുന്നത്.
ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുളള നടപടികൾ ഫലം കാണുന്നില്ലെന്നാണ് സൂചന. നിലവിൽ കമ്പം ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറടക്കം അരിക്കൊമ്പനുള്ള പ്രദേശത്തേക്ക് എത്തുകയാണ്. കൊമ്പനെ ഏത് ദിശയിലേക്ക് ഓടിക്കണമെന്ന തീരുമാനമെല്ലാം ഇനി കൈക്കൊള്ളണം.