കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിച്ച് പിവി ശ്രീനിജിൻ എംഎൽഎ

കൊച്ചി : കൊച്ചിയിൽ അണ്ടർ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തിൽ മാപ്പപേക്ഷിച്ച് പിവി ശ്രീനിജിൻ എംഎൽഎ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ ഗെയ്റ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടനെതിരെ പിവി ശ്രീനിജിൻ ആഞ്ഞടിച്ചു. കുട്ടികൾക്ക് ലഭിക്കേണ്ട പണം തൻ്റെ അക്കാദമിയിലേക്ക് കൊണ്ടു പോയ ആളാണ് മേഴ്സിക്കുട്ടൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രതികരണം മനപൂർവ്വമെന്ന് കരുതുന്നു. ഗ്രൗണ്ട് വിട്ടുനൽകുന്ന വിവരം സ്പോർട്സ് കൗൺസിൽ അറിയിച്ചില്ല. തങ്ങളുമായി കരാർ വെയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്സിനോട് സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടു. മേഴ്സിക്കുട്ടനെതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ലാ നേതൃത്വത്തെ എല്ലാ വിവരവും അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ കുട്ടികളെ എത്തിച്ചത്. ഗെയ്റ്റ് എപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കാറ്. താനല്ല ഗേറ്റ് പൂട്ടാൻ നിർദ്ദേശം നൽകിയത്. മാധ്യമ വാർത്ത കണ്ടപ്പോൾ തന്നെ ഗേറ്റ് തുറക്കാൻ നിർദേശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി വി ശ്രീനിജൻ എംഎൽഎയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ രംഗത്തുവന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്നാണ് സ്‌പോർട്‌സ് കൗൺസിൽ നിലപാട്.

വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികൾക്ക് പുറത്തുനിൽക്കേണ്ടിവന്നത്. തുടർന്ന് കൊച്ചിൻ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 8 ലക്ഷംരൂപവാടക ഇനത്തിൽ നൽകാൻ ഉണ്ടെന്നാണ് പി വി ശ്രീനിജൻ പറയുന്നത്. എന്നാൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എംഎൽഎയെ പൂർണമായും തള്ളി. പി വി ശ്രീനിജന്റെ നിലപടിൽ പ്രതിഷേധിച്ച് എറണാകുളം സ്‌പോർട്‌സ്‌കൗൺസിൽ ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തുകയും ചെയ്തു. കുട്ടികളെ പുറത്ത് നിർത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →