വൊളോഡിമിർ സെലൻസ്കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും

ടോക്കിയോ : ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി–7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. 2023 മെയ് 20 ശനിയാഴ്ച വൈകുന്നേരമായിരിക്കും ഈ കൂടിക്കാഴ്ച. റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിവിധ ചർച്ചകൾ നടത്തും.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രഞ്ച് സർക്കാരിന്റെ വിമാനത്തിലാണ് സെലൻസ്കി ഹിരോഷിമയിൽ എത്തിയത്. സൗദി അറേബ്യയിലെ ജിദ്ദയിൽ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സെലൻസ്കി മെയ് 19 വെള്ളിയാഴ്ച എത്തിയിരുന്നു.

അതേസമയം, യുദ്ധത്തിൽ ഇന്ത്യ റഷ്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പാശ്ചാത്യ ലോകത്തിന്റെ ആരോപണങ്ങളോടും മോദി പ്രതികരിച്ചു. ജപ്പാൻ മാധ്യമമായ യോമിയുറി ഷിംബുന് നൽകിയ അഭിമുഖത്തിൽ ‘‘പ്രതിസന്ധിയും തർക്കങ്ങളും ഉണ്ടാകുമ്പോൾ ചർച്ചകളും നയതന്ത്രവും കൊണ്ടുമാത്രമേ പരിഹാരമുണ്ടാക്കാനാകൂയെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഉയരുന്നത് ജനങ്ങളെ ബാധിക്കും അതിനാണു പ്രഥമ പരിഗണന’’ – എന്നദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു യുദ്ധത്തിന്റെ കാലഘട്ടം അല്ലെന്നു പ്രധാനമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →