റിയാദിൽ മരിച്ച മലയാളി യുവതി മുഹ്സിനയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുഷൈത്തിലെ സൗദി ജർമൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സി. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് ജോലി ചെയ്യുന്ന ഭർത്താവ് എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിനടുത്തേക്ക് സന്ദർശക വിസയിൽ റമദാൻ പത്തിനാണ് മൂന്ന് കുട്ടികളുമൊത്ത് മുഹ്‌സിന എത്തിയത്.

കുട്ടികളുടെ സ്‌കൂൾ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായി ഖമീസിലെ ഹോസ്പിറ്റലിൽ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടർന്ന് സൗദി ജർമൻ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ഹോസ്പിറ്റലിലേയ്ക്കുള്ള യാത്രക്കിടെ സ്‌ട്രോക്കിനെ തുടർന്ന് നില വഷളാവുകയുമായിരുന്നു.

ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും നാലാംനാൾ മസ്തിഷ്‌ക മരണം സംഭവിച്ചു. ഒ ഐ സി സി ദക്ഷിണ മേഖലാ പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് വെൽഫയർ വിഭാഗം മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ തുടർ ചികിത്സക്കായി അത്യാധുനിക സംവിധാനങ്ങളുള്ള അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു മരണം.

മൃതദേഹം ഖബറടക്കുന്നതിനുളള നടപടിക്രമങ്ങൾ ഖമീസ് കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പിയുടെ നേത്യത്വത്തിലാണ് പൂർത്തിയാക്കിയത്. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ, എന്നിവർ നാട്ടിലേക്ക് തിരിച്ചിരുന്നു. സഹോദരൻ: ഷബീർ, സഹോദരിമാർ: സുഹറാബി, ബുഷ്‌റ, റഷീദ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →