ന്യൂ ഡൽഹി: ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഈ അരവണ മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ ഉത്തരവ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർഷിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ട് പരിശോധന നടത്താം, പരിശോധനാ റിപ്പോർട്ട് ബോർഡ് സുപ്രീംകോടതിക്ക് കൈമാറണം.