നെടുങ്കണ്ടം: .ഇടുക്കി നെടുംകണ്ടത്ത് വിദ്യാർഥിനി പടുതാകുളത്തിൽ വീണ് മരിച്ചു . നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലാണ് പടുതാ കുളത്തിന്റെ ഉള്ളിൽ പെട്ടതായി കണ്ടെത്തിയത്. 2023 മെയ് 10ന് രാവിലെ ഏഴരയോടെയാണ് സംഭവം. സ്‌കൂൾ ഗ്രൂപ്പിൽ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.
വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഏറെ നേരമായിട്ടും മകളെ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു. വീട്ടുകാർ അലമുറയിട്ട് കരഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. കുട്ടി പടുതാ കുളത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തിൽ കുളത്തിലേക്ക് ചാടി തെരച്ചിൽ നടത്തിയെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കുളത്തിന്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
കുളത്തിന്റെ അടിത്തട്ടിൽ നിന്നാണ് അനാമികയെ കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽവഴുതി കുട്ടി വെള്ളത്തിൽ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



