ഇസ്ലാമാബാദ്: പാക്കിസ്ഥാനി സർക്കാരിന് തിരിച്ചടി. മുൻ പ്രധാനമന്ത്രി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. പ്രതിഷേധം കലാപമായി മാറുകയും മരണങ്ങളിലും നിരവധി പേരുടെ അറസ്റ്റിലും കലാശിച്ചു നിൽക്കെ രാജ്യം കൂടുതൽ ഗുരുതരമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്ന സൂചനയാണ് സുപ്രീം കോടതിയുടെ വിധി നൽകുന്നത്.
ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും താല്പര്യ പ്രകാരം നടത്തിയ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കൂടി പറഞ്ഞതോടെ ഇമ്രാന്റെ പാർട്ടിയായ പി ടി ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിഷേധ പരിപാടികൾ കൂടുതൽ രൂക്ഷമാകും. അന്താരാഷ്ട്ര സമൂഹത്തിനിടയിലും നിലവിലുള്ള ഭരണകൂടം കൂടുതൽ ഒറ്റപ്പെടൽ നേരിടാനാണ് സാധ്യത.
ഹൈക്കോടതി പരിസരത്തു നിന്നും തന്നെ പോലീസ് ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും അതിനുശേഷം വടി ഉപയോഗിച്ച് തല്ലിയെന്നും ഇമ്രാൻ ഖാൻ കോടതിയിൽ പറഞ്ഞു.
ഇമ്രാൻഖാനെ പ്രവേശിപ്പിച്ച ഉടനെ തന്നെ കോടതിയുടെ വാതിലുകൾ അടച്ചു . ഉടനെതന്നെ കോടതി നടപടി ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഉമ്മർ അദ് ബന്ദിയാൽ ജസ്റ്റിസ് മാരായ മുഹമ്മദലി മസ്ഹർ, അത്തർ മിൻഅള്ളാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേട്ടത്. ഇമ്രാൻ ഖാനെ ഹാജരാക്കിയ ഉടനെ തന്നെ ചീഫ് ജസ്റ്റിസ് ‘താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് , ഇമ്രാൻഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു’ – എന്നിങ്ങനെ അഭിപ്രായപ്പെട്ടു.
ഇമ്രാൻഖാന്റെ പാർട്ടിയായ പി ടി ഐയുടെ നേതൃത്വത്തിൽ രാജ്യത്ത് സമരങ്ങൾ ശക്തിപ്പെട്ടു വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അനുയായികളോട് നിയന്ത്രണം പാലിക്കുവാൻ ആവശ്യപ്പെടണമെന്ന് കോടതി നിർദ്ദേശിച്ചു.
നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഉത്തരവുപ്രകാരം ചൊവ്വാഴ്ചയായിരുന്നു ഇമ്രാൻഖാനെ അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ ആയിരുന്നു അറസ്റ്റ് .ഈ കേസിൽ കോടതിയിൽ ഹാജരായി ബയോമെട്രിക് തെളിവുകൾ നൽകുവാൻ ശ്രമിക്കുന്നതിനിടയാണ് നൂറോളം പാക്കിസ്ഥാനിൽ പോലീസ് ഉദ്യോഗസ്ഥർ സായുധനായി കോടതിയിൽ കടന്ന് ഇമ്രാൻ ഖാനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. ഇതേപ്പറ്റിയും അത്ഭുതവും അതിർത്തിയും കലർന്ന വിധത്തിലാണ് സുപ്രീംകോടതി ജസ്റ്റിസുമാർ പ്രതികരിച്ചത്. കോടതിക്കുള്ളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എന്തടിസ്ഥാനത്തിലാണ് ഒരാളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ കഴിയുക എന്ന് കോടതി ചോദിച്ചു.
2023 മെയ് 11 ന് ആണ് ഇമ്രാൻഖാനെ സുപ്രീം കോടതിയിൽ ഹാജരാക്കിയത്. കനത്ത സുരക്ഷയിൽ 15 വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് ഇമ്രാൻ ഖാനെ കോടതിയിൽ കൊണ്ടുവന്നത് എന്ന് പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോർട്ട് ചെയ്തു.