ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കലാപനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ വാനില്‍ കയറ്റിവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇമ്രാനെ അറസ്റ്റ് ചെയ്ത സുരക്ഷാസേന കോടതിവളപ്പില്‍ ആക്രമണം നടത്തിയതായി വെളിപ്പെടുത്തുന്ന വീഡിയോസന്ദേശവും ഇതിനിടെ പുറത്തുവന്നു. എഴുപതുകാരനായ സഹായിയുടേതാണ് വീഡിയോസന്ദേശം.
ഇസ്ലാമാബാദിലെ ഹൈക്കോടതി വളപ്പില്‍വച്ചാണു പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ ഹാജരാകാന്‍ ലാഹോറില്‍നിന്ന് തലസ്ഥാനനഗരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. നിരവധി തവണ നോട്ടീസയച്ചിട്ടും ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരായില്ലെന്നു പാക് മന്ത്രി റാണ സനാ ഉല്ല ഇതിനിടെ ട്വീറ്റ് ചെയ്തു.
ദേശീയ ഖജനാവിനു ധനനഷ്ടമുണ്ടാക്കിയതിനാണ് അറസ്‌റ്റെന്നും ഇമ്രാനു നേരേ യാതൊരക്രമവും നടന്നിട്ടില്ലെന്നും റാണ പറഞ്ഞു. എന്നാല്‍ ഇമ്രാന്‍ എത്തിയതിനു തൊട്ടുപിന്നാലെ അര്‍ദ്ധൈസനിക വിഭാഗവും പടച്ചട്ടയണിഞ്ഞ സേനാംഗങ്ങളും ഹൈക്കോടതിയുടെ കവാടത്തില്‍ പ്രവേശിച്ചതായാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വിശ്വാസവോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു പുറത്തായ ഇമ്രാന്‍ അതിനുശേഷം നിരവധി കേസുകളെ നേരിടുന്നുണ്ട്. എന്നാല്‍ ഈ കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ഭരണസഖ്യത്തിന്റെ ഇരയാണു താനെന്നുമാണ് ഇമ്രാന്റെ നിലപാട്. അടുത്ത നവംബറില്‍ പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുപദവികള്‍ വഹിക്കുന്നതില്‍നിന്ന് അദ്ദേഹത്തിനു വിലക്കു വരും. പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ ഇമ്രാനെ ലാഹോറിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യാനുള്ള മുന്‍ശ്രമങ്ങള്‍ പാര്‍ട്ടി അനുയായികളും നിയമപാലകരും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.