താനൂര്‍; താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പാട്ടരകത്ത് നാസറി(47)നെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തെങ്കിലും ദുരന്തത്തിനു കാരണക്കാരായ മറ്റു ചിലരെ കേസില്‍ പ്രതിചേര്‍ക്കാന്‍ മടിക്കുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. എന്നാല്‍ ബോട്ട് നിയന്ത്രിച്ചിരുന്നത് ബോട്ടുടമയായ നാസറിന്റെ സഹോദരിയുടെ പുത്രനായിരുന്നു. ഇയാളെ ഇതുവരെ പോലീസ് പ്രതിചേര്‍ത്തിട്ടില്ല.
ഈ ബോട്ടില്‍ നാസറിന്റെ സുഹൃത്തായ യൂസുഫ്, ഗോവിന്ദന്‍, ബൈജു എന്നിവരും ജോലിചെയ്യാറുണ്ട്. ഇവര്‍ക്കു പുറമെ ബോട്ടില്‍ കയറാന്‍ യാത്രക്കാര്‍ക്കു ടിക്കറ്റ് വില്‍പന നടത്തിയ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടില്ല. രണ്ടു മുന്നണികളിലും ബോട്ടുടമയ്ക്കു സ്വാധീനമുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാണ് ഐ.പി.സി. 302 വകുപ്പടക്കം ചുമത്തി ബോട്ടുടമയ്‌ക്കെതിരേ കേസെടുത്തത്. ഗുരുതര വകുപ്പുകള്‍ ചുമത്തുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് കോടതി പരിസരത്തുണ്ടായത്.
കോഴിക്കോട് നിന്ന് പിടിയിലായ നാസറിനെ, ജനരോഷം ഉണ്ടാകുമെന്നതു കണക്കിലെടുത്ത് താനൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നില്ല. അറസ്റ്റ് വിവരമറിഞ്ഞ് നിരവധി പേര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ മലപ്പുറം സ്‌റ്റേഷനില്‍ വച്ച് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, താനൂര്‍ ഡിെവെ.എസ്.പി കെ.വി.ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയശേഷം പോലീസ് തെളിവെടുപ്പ് നടത്തും.
ബോട്ടിന്റെ വിദഗ്ധ പരിശോധനയ്ക്ക് കൊച്ചി കുസാറ്റിലെ സാങ്കേതിക ടീമിന്റെ സഹായം തേടും. ബോട്ടിന്റെ പ്രവര്‍ത്തനക്ഷമത, നിര്‍മാണം, മാന്വല്‍ പാലിച്ചോ, സാങ്കേതിക പിഴവുകള്‍, ഏതെങ്കിലും കാര്യങ്ങള്‍ മറച്ചുവച്ചോ തുടങ്ങിയവ പരിശോധിക്കും. രൂപമാറ്റം വരുത്തിയ മത്സ്യബന്ധന ബോട്ടിന് എങ്ങനെ വിനോദ സഞ്ചാര ബോട്ടിനുള്ള അനുമതി ലഭിച്ചു എന്നതടക്കം പൊലീസ് പരിശോധിക്കും. പോര്‍ട്ട് ഓഫീസറുടെ മൊഴിയെടുക്കും.
അപകടത്തില്‍പ്പെട്ട ബോട്ടിനെതിരേ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇന്‍ലാന്‍ഡ് വെസല്‍സ് ആക്ട് പ്രകാരം നടപടിയെടുക്കേണ്ടത് തുറമുഖ വകുപ്പാണെന്നും മലപ്പുറം എസ്.പി പറഞ്ഞു.
അപകടസ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. എന്‍.ഡി.ആര്‍.എഫ്, നേവി, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ചു കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന തുടരുന്നത്. പരുക്കേറ്റ് ചികിത്സയിലുള്ള പത്ത് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതി നാസറിന് രാഷ്ര്ടീയ പിന്തുണയും സ്വാധീനവുമുണ്ടെന്നും ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കണമെന്നും സ്ഥലം എം.എല്‍.എ കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.

