കൊൽക്കൊത്ത : പ്രശസ്ത ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു. 79 വയസ്സായിരുന്നു. 2023 മെയ് 8ന് വൈകുന്നേരം 5.45 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 25നാണ് മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചരിത്രമുണ്ടെന്നും അഡ്മിറ്റ് ചെയ്ത ശേഷം അവ വഷളായതായും കുടുംബാംഗം പറഞ്ഞു. സമരേഷ് മജുംദാറിന്റെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്നും മമത പറഞ്ഞു.
1944 മാർച്ച് 10 ന് ജനിച്ച നോവലിസ്റ്റ് മജുംദാർ തന്റെ ‘അനിമേഷ്’ പരമ്പരയിലൂടെയാണ് അറിയപ്പെടുന്നത്. 1967 ൽ ‘ഡൗർ’ (റൺ) എന്ന നോവലാണ് അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ചത്. 2013-ൽ പുറത്തിറങ്ങിയ ‘അർജുൻ-കലിംപോങ് ഇ സീതാഹരൻ’ എന്ന ചിത്രം അദ്ദേഹത്തിന്റെ കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
1984-ൽ ‘കൽബേല’യ്ക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ എണ്ണമറ്റ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആനന്ദ് അവാർഡും ബങ്കിം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2018-ൽ പശ്ചിമ ബംഗാൾ സർക്കാർ അദ്ദേഹത്തെ ‘ബംഗ ബിഭൂഷൺ’ പുരസ്കാരം നൽകി ആദരിച്ചു.