സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ്

May 9, 2023 - 4:01 pm

കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കൈയ്യടി നേടിയതിലൊന്ന് കേരളത്തിന്റെ ടാബ്ലോയായിരുന്നു. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുന്‍നിര്‍ത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്‌കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്റെ ടാബ്ലോയിലെ ശ്രദ്ധകേന്ദ്രം. നഞ്ചിയമ്മ പാടി അനശ്വരമാക്കിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലക്കാത്ത’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ മുഴങ്ങിയത്. സ്ത്രീശക്തി പ്രമേയമാക്കിയ ടാബ്ലോയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിറഞ്ഞ കൈയ്യടി നല്‍കി. ആ കൈയ്യടി അവിടെ ഒതുങ്ങിയില്ലെന്ന് വേണം കരുതാന്‍. കേന്ദ്രസര്‍ക്കാരും ആ കൈയടി കണ്ടു. ഇതിന് മുന്‍പ് 2015 ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു.

2019ല്‍, കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി. തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021-ല്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ് ആയി. ഈ നിരയിലേക്ക് പുതിയൊരു തൂവല്‍ കൂടി ചേര്‍ത്ത് വയ്ക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിത്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം.

സായുധ സേനകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ‘2024 ലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിലെ സംഘങ്ങളില്‍ (മാര്‍ച്ചും ബാന്‍ഡും), നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകള്‍ മാത്രമേ പങ്കെടുക്കൂ എന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *