നൊമ്പരമായി തൂവല്‍ അഴിമുഖം

ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്പോഴും ആശുപത്രികളിലേക്ക് ജനം ഒഴുകുകയായിരുന്നു.
പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത് ചേതനയറ്റ ശരീരങ്ങളായി. മരിച്ചവരില്‍ 15 പേര്‍ കുട്ടികളായിരുന്നത് കൂടുതല്‍ നൊമ്പരമായി. വെട്ടിപൊളിച്ച ബോട്ടില്‍നിന്ന് കുഞ്ഞിന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെ ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധന ശക്തമാക്കി. വടംകെട്ടി ജെ.സി.ബി. ഉപയോഗിച്ച് വലിച്ച് ബോട്ട് കരയ്ക്കടുപ്പിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നീക്കമാണ് നാട്ടുകാര്‍ നടത്തിയത്. കയറുപൊട്ടിയതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ബോട്ട് ചെളിയില്‍ പുതഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ കരയ്ക്കടുപ്പിക്കുക ശ്രമകരമെന്ന് മനസിലാക്കിയതോടെ ബോട്ട് വെട്ടിപൊളിച്ച് കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
താനൂരിനേയും പരപ്പനങ്ങാടിയേയും വേര്‍തിരിക്കുന്ന പൂരപ്പുഴയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പതിവില്‍ കവിഞ്ഞ് ആളുകള്‍ പുഴയോരത്തെത്തിയിരുന്നു. ആറുമണിയ്ക്കുശേഷം ബോട്ട് യാത്ര അനുവദനീയമല്ലെങ്കിലും ജനത്തിരക്കില്‍ നിയമം മറന്ന് സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ യാത്രികരെ കുത്തിനിറച്ച് യാത്ര നടത്തുകയായിരുന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രികരില്‍ ഏറെയും. പലരും കുടുംബസമേതം അവധി ആഘോഷിക്കാനെത്തിയവര്‍. കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയവരുമെല്ലാം ബോട്ടിലുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍യാത്രികരായി ഉണ്ടായിരുന്നതിനാല്‍ നാടൊട്ടുക്കും ആശുപത്രികളിലേക്ക് ഒഴുകിയെത്തി. ആശുപത്രികള്‍ക്ക് മുന്നില്‍ വിവരം തിരക്കിയെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും പാടുപെട്ടു. തീരദേശ റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ആംബുലന്‍സുകള്‍. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ദുഃഖം താങ്ങാനാവാതെ നാട് തേങ്ങി. താനൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മൃതദേഹങ്ങള്‍ കൂടുതലും എത്തിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ് ഓഫീസര്‍ക്ക് ബോട്ടപകടത്തില്‍ ദാരുണാന്ത്യം

പ്രതിയെ അന്വേഷിച്ചിറങ്ങിയ സിവല്‍ പോലീസ് ഓഫീസര്‍ക്ക് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബോട്ടപകടത്തില്‍ ദാരുണാന്ത്യം. താനൂര്‍ ഡി.വൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌കോഡിലുള്ള പരപ്പനങ്ങാടി ചുടലപറമ്പ് സ്വദേശി സബറുദ്ദീന്‍ (38)നാണു മരിച്ചത്. ഒരു കേസില്‍ പിടികിട്ടാപുള്ളിയെ തേടിയിറങ്ങിയതായിരുന്നു സബറുദ്ധീന്‍.
കുറ്റന്വേഷണത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയതായിരുന്നു. എന്നാല്‍ അവിടെനിന്നു പ്രതിയുടെ ലൊക്കേഷന്‍ മാറ്റം മനസിലാക്കി 6.30- ഓടെ തൂവല്‍ തീരത്ത് എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ് ബോട്ടില്‍ കയറിയത്. എന്നാല്‍ സബറുദ്ദീന്‍ ആദ്യം ബോട്ടിന്റെ മുകള്‍ നിലയിലും പിന്നീട് താഴത്തേക്കും ഇറങ്ങിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട, അദ്ദേഹത്തെ പരിചയമുള്ളവര്‍ വ്യക്തമാക്കി. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂന്നാമത്തെ കുട്ടിക്ക് 28 ദിവസം മാത്രമേ പ്രായമുള്ളൂ. അപകടത്തില്‍ പെട്ട ബോട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ത്തിയപ്പോഴാണു മൃതദേഹം ലഭിച്ചത്.


ജഴ്‌സിയണിഞ്ഞ് ആദില ഷെറി യാത്ര പോയത് മരണത്തിലേക്ക്


പരപ്പനങ്ങാടി : അരിയല്ലൂര്‍ എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച കായിക താരമായിരുന്ന ആദില ഷെറി (15) ഉല്ലാസയാത്ര പോയതു തന്റെ പ്രിയ ജഴ്‌സിയണിഞ്ഞ്. ഒരു വീട്ടിലെ നാലു പേര്‍ മരിച്ച ചെട്ടിപ്പടി വെട്ടികുത്തി സൈനുല്‍ ആബിദിന്റെ മൂത്ത മകള്‍ ആദില ഷെറി സംസ്ഥാന ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലാ ടീമില്‍ ജേഴ്‌സി അണിഞ്ഞ വോളിബോള്‍ താരമായിരുന്നു. വള്ളിക്കുന്ന് അത്താണിക്കലില്‍ വോളിബോള്‍ പരിശീലനം നടത്തികൊണ്ടിരിക്കെ ഉമ്മ ആയിഷ ബീവി (38) മകളെ ഉല്ലാസയാത്ര പോകാന്‍ വിളിച്ചു വരുത്തുകയായിരുന്നു. ധരിച്ചിരുന്ന ജഴ്‌സിയോടെ തന്നെ ആദില ഉമ്മയോടൊപ്പം ബോട്ട് യാത്രക്ക് പോയി. കൂടെ സഹോദരന്മാരായ അദിനാന്‍ (10),ഹര്‍ഷാന്‍ (3),അഫ്‌റാഹ് (6) എന്നിവരും ഉണ്ടായിരുന്നു. തലനാരിഴക്ക് അഹ്‌റാഹ് മാത്രമാണു ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടത്. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹ്‌റാഹ് അപകട നില തരണം ചെയ്തു.

അരിയല്ലൂര്‍ എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദില ഷെറി അപ്പോളോ വള്ളിക്കുന്നിന്റെ റൂറല്‍ കോച്ചിങ് സെന്ററില്‍ ആയിരുന്നു പരിശീലനം. ഉപ്പ വെട്ടികുത്തി സൈനുല്‍ ആബിദ് മഞ്ചേരിയിലാണു താമസം. പെരുന്നാളിന് ഉപ്പയുടെ അടുത്തേക്ക് പോയ സഹോദരന്‍ ആദില്‍ (13) ബോട്ട് യാത്രക്ക് പോകാതിരുന്നതിനാല്‍ ആദിലും അഹ്‌റാഹുമാണ് കുടുംബത്തില്‍ ഉപ്പയോടൊപ്പം ബാക്കിയായ കുട്ടികള്‍. ചെട്ടിപ്പടി കോയംകുളത്ത് വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുകയായിരുന്നു അയിഷാബീവിയും മക്കളും.

രക്ഷാപ്രവര്‍ത്തകരില്‍ പലര്‍ക്കും പരുക്ക്

താനൂര്‍ ബോട്ടപകടം അറിഞ്ഞ് സ്വയം മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇവരില്‍ പലര്‍ക്കും കാര്യമായി പരുക്കേല്‍ക്കുകയും. ബോട്ടിനകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ബോട്ടിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു അപ്പോഴാണ് ഭൂരിഭാഗംപേര്‍ക്കും പരുക്കേറ്റത്. ബോട്ടിനകത്ത് ശ്വാസംകിട്ടാതെ മരണത്തോടു മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടപ്പോള്‍ സ്വയം മറന്നു കൈകൊണ്ടും കാലുകൊണ്ടും ഇവര്‍ ഗ്ലാസുകള്‍ ഇടിച്ചുപൊട്ടിക്കുകയായിരുന്നു. ഇതിനിടിയില്‍ പല ജീവനും ഇവര്‍ക്കു രക്ഷപ്പെടുത്താനും കഴിഞ്ഞു. കെട്ടുങ്ങല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ എ.കെ. റഹീസിനും കൈയിനും കാലിനും പരുക്കുണ്ട്. സുഹൃത്തായ അന്‍ഷിഫിനു കാലിനാണ് പരുക്ക്. സുഹൃത്തുക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണു ബോട്ട് ദുരന്തവാര്‍ത്ത ഇവര്‍ അറിയുന്നത്. ഉടന്‍ അവിടേക്കു ഓടിയെത്തുകയായിരുന്നു. സ്വന്തം കുടുംബത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിയാതെ രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റയാളാണ് കുന്നുമ്മല്‍ റഷീദ്.
പണി കഴിഞ്ഞ് വിശ്രമിക്കുന്ന സമയം ബോട്ട് അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിയുന്നത്. ഉടന്‍ തന്നെ തോണിയുമായി വന്നു രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബോട്ടില്‍നിന്ന് ആളുകളെ പുറത്തെടുക്കാന്‍ മുന്നിലെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു അപ്പോഴാണ് അദ്ദേഹത്തിന്റെ കൈക്കു പരുക്കേറ്റത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെയാണ് രക്ഷപ്പെടുത്തുന്നത് എന്ന് അറിയാതെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കൈക്ക് മുറിവേറ്റു രക്തം വാര്‍ന്നു. അബോധാവസ്ഥരായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ കുടുംബത്തിലെ 12 പേരാണു മരിച്ചത്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →