കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്നു കോഴ വാങ്ങിയെന്ന് ആരോപണം നേടിരുന്ന അഡ്വ. സൈബി ജോസിനെതിരേ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടു വന്ന പരാതി ബാര്‍ കൗണ്‍സില്‍ തള്ളി. പരാതിയില്‍ കഴമ്പില്ലെന്നു വ്യക്തമാക്കിയാണു നടപടി. കേസില്‍ സൈബിക്കെതിരേ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നു പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2013 ല്‍ ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബി ജോസ് കിടങ്ങൂരിനെതിരേ വന്ന പരാതിയാണു ബാര്‍ കൗണ്‍സില്‍ തള്ളിയത്. ഭാര്യ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാനായി ഭാര്യയുടെ അഭിഭാഷകനായ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലാണു ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്.
പരാതിക്കാരന്റെ ഭാര്യ നല്‍കിയ കേസ് പിന്‍വലിപ്പിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനത്തില്‍ സൈബി പത്തു ലക്ഷം ആവശ്യപ്പെട്ടുവെന്നും ഇതില്‍ അഞ്ചു ലക്ഷം രൂപ സൈബി കൈപ്പറ്റിയെന്നുമാണു പരാതിയില്‍ പറയുന്നത്. പണം വാങ്ങിയിട്ടും കേസ് പിന്‍വലിച്ചില്ലെന്നും പരാതിക്കാരന്‍ അറിയിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് തടഞ്ഞു വെക്കുമെന്നു സൈബി ഭീഷണിപ്പെടുത്തിയതായും ഇയാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും തന്നെ തെളിവില്ലെന്നാണു പോലീസിന്റെ വാദം. 2013 ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സൈബി ജോസ് ബാര്‍ കൗണ്‍സിലിനു വിശദീകരണംനല്‍കിയിരുന്നു.

