കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് അടിയന്തര യോഗം ചേര്‍ന്നിരുന്നതായും കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍, സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ല. എല്ലാ സിനിമകളുടെയും ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസ് സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുള്ളവരുടെ പിന്തുണ ഇതിനുണ്ട്. ലഹരി ഉപയോഗവും അതു കടന്നുവരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. എക്‌സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.
ലഹരി ഉപയോഗിക്കുന്നവരുടെ വിവരം ലഭിച്ചാല്‍ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടി സ്വീകരിക്കും. സിനിമ മേഖലയില്‍ മാത്രമല്ല, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിലും ലഹരി ഉപയോഗം വ്യാപകമാണ്. ലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടേണ്ടിവരും. ലഹരി ഉപയോഗിക്കുന്നവര്‍ സ്വയം ഉണരണമെന്നും കമ്മിഷണര്‍ പറഞ്ഞു. ടിനി ടോം, ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ അമ്മയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്. എന്നിട്ടും ഈ രംഗത്തെ ലഹരി ഉപയോഗം ഇല്ലാക്കാനാകുന്നില്ല. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക തന്നെയുണ്ടെന്നു കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
ലഹരിക്കാരുമായി തല്‍ക്കാലം അകലം പാലിക്കാനാണു നിര്‍മ്മാതാക്കളുടെ തീരുമാനം. എന്നാല്‍, സെറ്റില്‍ പോലീസോ എക്‌സൈസോ നിയമാനുസൃത പരിശോധന നടത്തിയാല്‍ എതിര്‍ക്കില്ലെന്നാണു സിനിമാ സംഘടനകളുടെ നിലപാട്.
കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ചു വിശദമായി പഠിച്ച പോലീസ് സംഘം മൂവായിരത്തിലേറേ കാരിയര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയിരുന്നു. ഇവരുമായി സജീവമായി ഇടപെടുന്ന മുന്നൂറുപേരുടെ ചുരുക്കപ്പട്ടികയും പോലീസ് തയാറാക്കിയിരുന്നു. ഇവയിലെല്ലാം സിനിമ പ്രവര്‍ത്തകരുടെ പേരുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, സിനിമാക്കാരിലേക്ക് അന്വേഷണം എത്തുമ്പോള്‍ എല്ലാം വഴിമാറിപ്പോകുന്ന അവസ്ഥയായിരുന്നു.