അഗളി : സൈലന്റ് വാലി വനം ഡിവിഷനിൽ നിന്ന് ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായിട്ട് ഒരു വർഷം. 2022 മെയ് 3 ന് ആണ് സൈലന്റ് വാലി വനം ഡിവിഷനിൽ ജോലി ചെയ്യവേ സൈരന്ധ്രി വാച്ച് ടവറിന് സമീപത്ത് നിന്ന് രാജനെ കാണാതാകുന്നത്. രാത്രി 8.30ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ രാജനെ പിന്നീടാരും കണ്ടിട്ടില്ല. ഒരുവർഷംനീണ്ട തിരച്ചിൽ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. രാജന് കാട്ടിൽ വെച്ച് അപകടം സംഭവിച്ചതായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
രാജനെ കാണാതായതിന് പിന്നാലെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ അടുത്ത ദിവസം രാവിലെ രാജന്റെ ചെരുപ്പും തൊട്ടടുത്ത ദിവസം മൊബൈൽ ഫോണും ലഭിച്ചു. ഇതല്ലാതെ മറ്റൊരു വിവരവും രാജാനെക്കുറിച്ച് അന്വേഷണ സംഘത്തിന് തിരോധനത്തിന് ശേഷം ലഭിച്ചുമില്ല. ദിവസങ്ങളോളം നീണ്ട വനം വകുപ്പ് ചരിത്രത്തിലെ അപൂർവ്വമായ തിരച്ചിലാണ് രാജന് വേണ്ടി നടത്തിയത്. കാടിനെ നന്നായി അറിയാവുന്ന രാജന് കാട്ടിൽ വെച്ച് ഒരു അപകടവും സംഭവിക്കില്ലെന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.
അപ്പോഴും രാജൻ പിന്നെ എവിടെയെന്ന ചോദ്യം മാത്രം ബാക്കി. മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് രാജനെ കാണാതായത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ അടക്കം നിരവധി ഇടങ്ങളിൽ നിന്ന് ആളുകൾ രാജനെ തിരിച്ചറിഞ്ഞതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിലെല്ലാം പൊലീസ് എത്തയെങ്കിലും രാജനെ കണ്ടെത്താനായില്ല. ഒരു വർഷമായിട്ടും അച്ഛനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് രാജന്റെ മക്കൾ. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു.