പെരിന്തൽമണ്ണ : പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. 2017 മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഉമ്മർ ഫാറൂഖ് കുട്ടിയെ പീഡിപ്പിച്ചത്. പുലാമന്തോളിലെ മദ്രസയിലേക്ക് 13 കാരനെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.
പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. സപ്ന പി. പരമേശ്വരൻ ഹാജരായി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പെരിന്തൽമണ്ണ സിഐ ബിനു ടിഎസ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.