പത്തുമാറ്റങ്ങള്‍ വരുത്തണം; ദി കേരള സ്റ്റോറിക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ്

കൊച്ചി: ദി കേരള സ്റ്റോറിക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

നേരത്തെ, ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിര്‍ദേശം. കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ ആഖ്യാനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ദി കേരള സ്റ്റോറിക്കെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ 03/05/23 ബുധനാഴ്ച പ്രതിഷേധിക്കും. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ജെഎന്‍യുവിലെ സബര്‍മതി ധാബയിലാണ് പ്രതിഷേധം. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് എസ്.എഫ്.ഐ പറഞ്ഞു.

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച ചിത്രം സുദീപ്‌തോ സെന്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്‌സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസര്‍ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താന്‍ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മെയ് 5നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →