പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തില്‍ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളില്‍നിന്നും ഉയര്‍ന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഈ വിഷയം ഉയര്‍ത്തികൊണ്ട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംവിഭാഗത്തിന്റെ പിന്തുണ പരമാവധി ഉറപ്പാക്കാനാണ് ഇടതു-വലതുമുന്നണികളുടെ ശ്രമം. അതേസമയം തങ്ങളുടെ പുതിയ ലൈനിന് കൂടുതല്‍ ഊര്‍ജം പകരുന്ന ഈ സിനിമയെ ആയുധമാക്കാന്‍ സംഘപരിവാറും നീക്കം തുടങ്ങിയിട്ടുണ്ട്.
ഈ സിനിമ സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്ന വാദം തന്നെയാണ് യു.ഡി.എഫും ഇടതുമുന്നണിയും ഉയര്‍ത്തുന്നത്. അതേസമയം വിഷയം ഉപയോഗിച്ചുകൊണ്ട് പരസ്പരം പഴിചാരാനും ഇരുവിഭാഗങ്ങളും നീക്കം ആരംഭിച്ചിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളാണ് സിനിമയ്ക്ക് ആധാരം എന്ന പ്രചാരണമാണ് ലീഗ് ഉള്‍പ്പെടെ ഉയര്‍ത്തിവിട്ടിരിക്കുന്നത്. കേരളത്തെ മുസ്ലീം സംസ്ഥാനമാക്കാന്‍ എസ്.ഡി.പി.ഐ. ശ്രമിക്കുന്നുവെന്ന രീതിയില്‍ വി.എസ്. നടത്തിയ പ്രസ്താവനയാണ് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ആയുധമാക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ ബീഫ് വിരുദ്ധ സമരം ഏത് രീതിയില്‍ സി.പി.എം. ഉപയോഗിച്ചുവോ അതേ രീതിയില്‍ ഈ വിഷയത്തെ ഉപയോഗിക്കാനാണ് യു.ഡി.എഫ്. ശ്രമം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇതുവരെ അത്തരം ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിട്ടില്ല. മറിച്ച് കേരളത്തെ ആകെ അപമാനിക്കുക എന്നതാണ് ഈ സിനിമയുടെ അജന്‍ഡ എന്നതാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം.
ലീഗിന്റെ ആരോപണത്തെ അതേ നാണയത്തില്‍ തന്നെയാണ് സി.പി.എമ്മും നേരിടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ച പശ്ചാത്തലത്തിലാണ് വി.എസ്. അന്ന് പ്രസ്താവന ഇറക്കിയതെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിശദീകരണം. മാത്രമല്ല, കൈവെട്ട് കേസ് ഉള്‍പ്പെടെ നിലനിന്ന സമയവുമാണ് അത്. തീവ്രവാദസ്വഭാവമുള്ള സംഘടനയെക്കുറിച്ചാണ് വി.എസ്. പ്രസ്താവന നടത്തിയത്. അത് അദ്ദേഹം അന്നുതന്നെ നിയമസഭയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും ഇടതുകേന്ദ്രങ്ങളും വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളുമായി ഇപ്പോഴും ലീഗ് തുടരുന്ന ബാന്ധവമാണ് അവരെകൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നാണ് സി.പി.എം. ഇതിന് നല്‍കുന്ന മറുപടി. യഥാര്‍ഥത്തില്‍ ചോദിക്കേണ്ടത്, ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങുന്നുവെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയെക്കുറിച്ചാണെന്നും അവര്‍ പറയുന്നു. അതേസമയം ശബരിമല പ്രശ്നം പോലെ സുവര്‍ണ്ണാവസരമായാണ് സിനിമയെ ബി.ജെ.പി. കാണുന്നത്.

