രാഷ്ട്രപരിവര്‍ത്തനത്തിനുള്ള കരുത്തുറ്റ ഉപാധി-ജെ.പി. നദ്ദ പറയുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്ത് ഇന്ന് നൂറാം എപ്പിസോഡിലേക്ക്. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 11 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇത് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തും തല്‍സമയം സംപ്രേക്ഷണം ചെയ്യും. 30 മിനിറ്റാണു ദൈര്‍ഘ്യം. യു.എന്‍. ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന പരിപാടിയു-ടെ തത്സമയ സംപ്രേക്ഷണം പുതുചരിത്രമാകുമെന്ന് യു.എന്നിലെ ഇന്ത്യന്‍ മിഷന് ട്വീറ്റ് ചെയ്തു. 2014 ഒക്ടോബര്‍ മൂന്നിനാണ് മന് കി ബാത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മന് കി ബാത്ത്’ നൂറ് എപ്പിസോഡ് തികയ്ക്കുന്നുവെന്നതു നിര്‍ണായകമായ നാഴികക്കല്ലാണ്. 2014 ഒക്ടോബര്‍ മൂന്നിനാരംഭിച്ച് എല്ലാ മാസത്തേയും അവസാന ഞായറാഴ്ച പകല്‍ 11-നു പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടി ഇന്നു രാജ്യത്തെ സുപ്രധാന ‘ടോക് ഷോ’ ആയി മാറിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്താഗതി, കാഴ്ചപ്പാട്, വിവേകം വിളിച്ചറിയിക്കുന്ന വാക്കുകള്‍ എന്നിവയാണ് ഈ ടോക് ഷോയുടെ പ്രത്യേകത.
ഈ പരിപാടിയുടെ വര്‍ധിക്കുന്ന ജനപ്രീതിക്കു ഞാനും സാക്ഷിയാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും വളരെ ആകാംക്ഷയോടെയാണ് വീടുകളിലും ജങ്ഷനുകളിലും കടകളിലുമെല്ലാമുള്ള റേഡിയോ സെറ്റുകള്‍ക്കു മുന്നിലിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുന്നത്. രാജ്യത്തെക്കുറിച്ചു പ്രധാനമന്ത്രി യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന വാക്കുകള്‍ അവര്‍ക്കു പ്രചോദനമാണ്. വാഴ്ത്തപ്പെടാത്തവരുടെ ജീവിതവിജയത്തിന്റെ കഥ പ്രധാനമന്ത്രിയില്‍നിന്ന് അറിയുമ്പോള്‍ അവര്‍ അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്ട്രനിര്‍മാണത്തിനു തങ്ങളാല്‍ കഴിയുന്ന പങ്കുവഹിക്കുന്നു.
കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാര്‍ രാഷ്ട്രനിര്‍മാണത്തില്‍ മഹത്തായ പങ്കുവഹിച്ചതിനെക്കുറിച്ചു രാജ്യത്തെ ജനങ്ങളുമായി സംസാരിച്ചു. നമ്മുടെ പരിസ്ഥിതി, കല, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനായി പോരാടുന്ന നിരവധിപേരുടെ ജീവിതകഥ അദ്ദേഹം പങ്കുവച്ചു. സാമൂഹിക മുന്നേറ്റം, നിരാലംബരെ സഹായിക്കല്‍, കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ശാസ്ത്രീയ മനോഭാവം, സാഹിത്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രോത്സാഹനം, നാമാവശേഷമാകുന്ന നമ്മുടെ കുടില്‍ വ്യവസായങ്ങളുടെയും സവിശേഷ കലാരൂപങ്ങളുടെയും പുനരുജ്ജീവനം, സാമൂഹിക ഐക്യം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്കായി നിലകൊള്ളുന്ന നിരവധിപേരെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു.
ഈ ഡിജിറ്റല്‍ യുഗത്തില്‍ റേഡിയോ പോലുള്ള മാധ്യമത്തെ ഉപയോഗിച്ച് എങ്ങനെയാണ് രാജ്യത്തെ ഒരുമിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതിന്റെ തെളിവാണ് ‘മന് കീ ബാത്ത്’ പരിപാടി. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശമോ ഇപെടലോ ഇല്ലാതെ എങ്ങനെയാണ് ഗവണ്മെന്റ് സംവിധാനങ്ങളും ജനങ്ങളും തമ്മില്‍ ബന്ധപ്പെടുക എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ഈ പരിപാടി. രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി നമ്മുടെ രാജ്യത്തിന്റെ ശക്തിയും രാജ്യത്തെ പൗരന്മാരുടെ കഴിവും തിരിച്ചറിയുകയെന്ന ലക്ഷ്യമാണ് പരിപാടിക്കുള്ളത്. ആശയവിനിമയത്തിലൂടെ എങ്ങനെയാണു രാജ്യത്തെ ഒരുമിച്ചു നിര്‍ത്തി രാഷ്ട്രനിര്‍മാണം കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നതെന്നു ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുന്ന ആശയം കൂടിയാണ് ‘മന് കീ ബാത്ത്.
രാജാ റാം മോഹന്‍ റോയ്, മഹാത്മാഗാന്ധി, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ജ്യോതിബ ഫുലെ, ബാബാസാഹെബ് ഭീം റാവു അംബേദ്കര്‍, ജയ് പ്രകാശ് നാരായണ്‍ തുടങ്ങിയ മഹാന്മാരായ നേതാക്കളെയും സാമൂഹ്യപരിഷ്കര്‍ത്താക്കളെയും വായിച്ചതും കേട്ടതും എന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പ്രചോദനം സൃഷ്ടിച്ചിട്ടുണ്ട്. ഈ മഹാരഥന്മാരുടെ വാക്കുകളെ ഉള്‍ക്കൊണ്ട് എങ്ങനെയാണു നാം സാമൂഹികമായി മുന്നേറിയതെന്നു നമുക്കേവര്‍ക്കും അറിയാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയുംഅടിച്ചമര്‍ത്തപ്പെട്ടവരേയും തങ്ങളുടെ ശബ്ദത്താല്‍ അവര്‍ മുന്നോട്ടു നയിച്ചു.
പൗരന്മാരെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിച്ചു നിര്‍ത്തുകയും ചെയ്തു രാജ്യത്തെ മുന്നോട്ടു നയിക്കുന്ന നേതാവിനെ ആധുനിക ഇന്ത്യക്കു കാണാന്‍ കഴിയുമോയെന്നു ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. വളരെ കാലമായി ഞാന്‍ നരേന്ദ്ര മോദിയുമായി സഹകരിക്കുന്നു. അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. വളരെയധികം കഴിവുള്ള മനുഷ്യനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവ്, രക്ഷാകര്‍ത്താവ്, അധ്യാപകന്, കണിശക്കാരനായ ഭരണാധികാരി, ഇച്ഛാശക്തിയുള്ള വ്യക്തി, ലോകത്തെതന്നെ പ്രചോദിപ്പിക്കാന്‍ കഴിവുള്ള വ്യക്തി, രാജ്യത്തെ വേഗത്തില്‍ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിക്കാന്‍ കഴിവുള്ള ‘പ്രധാന സേവകന്’ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമെന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്.

