ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിന്പിക് അസ്സോസിയേഷന് അധ്യക്ഷ പി ടി ഉഷ. തെരുവിലെ സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷം ചെയ്യും. സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിമ്പിക് അസ്സോസിയേഷനെ സമീപിക്കണമായിരുന്നു- അവര്‍ പറഞ്ഞു.
ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണക്കേണ്ട ഐ ഒ എ അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്നും താരങ്ങള്‍ പറഞ്ഞു. ഗുസ്തി ഫെഡറഷന് അധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആരോപണങ്ങളില്‍ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

