ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ഏറ്റവും കൗതുകമുണര്‍ത്തിയ മള്‍ട്ടി സ്റ്റാര്‍ കാസ്റ്റുമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. വന്‍ സാമ്പത്തിക വിജയവും നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള പ്രോജക്റ്റ് ആണ്.
ഏതൊരു മണി രത്നം ചിത്രവും പോലെ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കൃത്യമായ സ്ക്രീന്‍ സ്പേസും ചേരുന്ന കഥാപാത്രങ്ങളെയുമൊക്കെയായിരുന്നു പൊന്നിയിന്‍ സെല്‍വനില്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് നാളെ നടക്കാനിരിക്കെ
ഇപ്പോഴിതാ ഒരു സസ്പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് ജയറാം.
ആഴ്വാര്‍കടിയാന്‍ നമ്പിയായി വേറിട്ട ഗെറ്റപ്പിലായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1 ല്‍ ജയറാം പ്രത്യക്ഷപ്പെട്ടത്. രണ്ടാംഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലും അദ്ദേഹം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് ഈ മേക്കോവറിന്‍റെ സ്റ്റില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് മറ്റൊരു കഥാപാത്രമല്ല, മറിച്ച് ആദ്യ ഭാഗത്തിലെ കഥാപാത്രമായ ആഴ്വാര്‍കടിയാന്‍ നമ്പി വേഷം മാറി വരുന്നതാണ്. ഇന്നലെ പുറത്തെത്തിയ ഒരു പ്രൊമോയില്‍ ഇക്കാര്യം വ്യക്തമാവുന്നുണ്ട്.
ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്‍റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്‍റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു.